യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസോടെയാണ് (ഉൾപാർട്ടി തിരഞ്ഞെടുപ്പ്) രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. അയോവ കോക്കസ് ഫലം നാളെ വ്യക്തമാകും.
യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി, ആർക്കൻസോ ഗവർണർ എയ്സ ഹച്ചിൻസൺ തുടങ്ങിയവരാണ് സ്ഥാനാർത്ഥികൾ. 2020ൽ ട്രംപിനൊപ്പമായിരുന്നു അയോവ.
അയോവ കോക്കസിന് പിന്നാലെ ജനുവരി 23ന് പാർട്ടിയുടെ ന്യൂഹാംഷെയർ പ്രൈമറി നടക്കും. അന്നേ ദിവസം തന്നെ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഔദ്യോഗിക തുടക്കമിടും. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ബൈഡന് തന്നെയാണ് സാദ്ധ്യത.