ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകുന്നു. തിങ്കളാഴ്‌ച രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം. ഞായറാഴ്ച കൊച്ചി-ദുബായ് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 9.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടാൻ വൈകിയത്.
രാവിലെ ആറുമണിമുതൽ എത്തിയ യാത്രക്കാർ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ ഇരുന്നു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞായതിനാൽ വിമാനം ഡൽഹിയിൽനിന്നെത്താൻ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാർ കാത്തിരിക്കുകയായിരുന്നു. ദുബായിലെത്തിയ ശേഷം അവിടെ നിന്ന് കാനഡയിലേക്കും മറ്റും പോകേണ്ട യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് രാവിലത്തെ വിമാനം ഡൽഹിക്ക് പോയത്.