പുലിക്കുട്ടിയുടെ ജഡം, ഭീതിയിൽ നാട്

At Malayalam
1 Min Read

പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള വിതുര ഫോറസ്റ്റ് സെക്ഷനിലെ പേപ്പാറ പട്ടൻകുളിച്ചപാറ വനമേഖലയിൽ കുട്ടിപ്പുലിയുടെ ജഡം കണ്ടെത്തി. അഞ്ചുമാസം പ്രായമുള്ള പുള്ളിപ്പുലിയുടെ ജഡം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് കണ്ടത്.പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജഡം അഴുകിയനിലയിൽ കണ്ടെത്തിയത്.

ആദിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും പാലോട്ട് നിന്ന് വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. പാലോട് വെറ്ററിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോയ പുലിയുടെ ജഡം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. പ്രദേശത്തിന് അരക്കിലോ മീറ്റർ ചുറ്റളവിൽ തള്ളപ്പുലിക്കായി വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പുലിയുടെ ജഡം കിടന്നതിന്റെ സമീപത്തായി കേഴമാനിനെ കൊന്നുതിന്നതിന്റെ അവശിഷ്ടവും കണ്ടെത്തി. പ്രദേശത്ത് മുമ്പും പലതവണ പുലി ഇറങ്ങിയിട്ടുണ്ട്. തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.

Share This Article
Leave a comment