കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായികയും നടിയുമായ ശ്രീമതി സുഹാസിനി മണിരത്നം നിർവഹിക്കും. 21 ന് രാവിലെ 10 മണിക്ക് കണ്ണൂർ തളിപ്പറമ്പയിലെ ക്ലാസ്സിക് തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ മേളയുടെ ഉദ്ഘാടന ചിത്രമായി കെൻ ലോച്ച് സംവിധാനം ചെയ്ത ‘ദ ഓൾഡ് ഓക്ക്’ പ്രദർശിപ്പിക്കും. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് മേള നടക്കുക. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ടൂറിംഗ് ടാകീസ് പര്യടനം, കലാപരിപാടികൾ തുടങ്ങിയവയും നടക്കും.
ക്‌ളാസിക്, ക്‌ളാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്ത് നടന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്, സണ്‍ഡേ, ദ ഓള്‍ഡ് ഓക്ക്, ഫാളന്‍ ലീവ്‌സ്, ടെറസ്റ്റിയല്‍ വേഴ്‌സസ്, മി ക്യാപ്റ്റന്‍, ദ മങ്ക് ആന്റ് ദ ഗണ്‍, ഖേര്‍വാള്‍, ഓള്‍ ദ സയലന്‍സ്, ഹെസിറ്റേഷന്‍ വൂണ്ട്, ദ പ്രോമിസ്ഡ് ലാന്റ്, പ്രിസണ്‍ ഇന്‍ ദ ആന്‍ഡസ്, തടവ്, ആപ്പിള്‍ച്ചെടികള്‍, നീലമുടി, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ഷെഹരസാദെ, ദായം, വലാസൈ പറവകള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
മേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ registration.iffk.in എന്ന വെബ്സൈറ്റിൽ ചെയ്യാവുന്നതാണ്. ഓഫ് ലൈന്‍ രജിസ്‌ട്രേഷന് മേളയുടെ മുഖ്യവേദിയായ തളിപ്പറമ്പ് ക്‌ളാസിക് തിയേറ്ററിനു മുന്നിലെ സംഘാടക സമിതി ഓഫീസില്‍ ചെയ്യാവുന്നതാണ്.ഡെലിഗേറ്റുകൾക്ക് 354 രൂപയും വിദ്യാർഥികൾക്ക് 177 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
