ചൈനയ്‌ക്ക് തിരിച്ചടിയായി, തായ്‌വാൻ ഭരണപക്ഷമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് ( ഡി.പി.പി ) തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം. പാർട്ടി നേതാവും നിലവിൽ വൈസ് പ്രസിഡന്റുമായ ലായ് ചിംഗ് – തേ ( 64 ) പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിൽ 40.08% വോട്ടുനേടിയാണ് ചൈനയുടെ കടന്നുകയറ്റങ്ങളെ എതിർക്കുന്ന ലായ് വിജയിച്ചത്. മേയ് 20ന് അധികാരമേൽക്കും.തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ചൈനയോട് കൂട്ടിച്ചേർക്കുമെന്നുമാണ് കാലങ്ങളായി ചൈനീസ് ഭരണകൂടങ്ങളുടെ നിലപാട്. തായ്‌വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന ലായ് ചിംഗ് – തേയെ അപകടകാരിയായ വിഘടനവാദി എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
പ്രതിപക്ഷവും ചൈനീസ് അനുകൂലികളുമായ കുമിന്താങ്ങ് ( കെ.എം.ടി ) പാർട്ടി സ്ഥാനാർത്ഥി ഹൂ യൂ-യീക്ക് 33 ശതമാനം വോട്ടേ നേടാനായുള്ളൂ. മൂന്നാം സ്ഥാനാർത്ഥിയായ തായ്‌വാൻ പീപ്പിൾസ് പാർട്ടി നേതാവും മുൻ തായ്‌പെയ് മേയറുമായ കോ വെൻ – ജെ 26 ശതമാനം വോട്ടുനേടി. നിലവിലെ പ്രസിഡന്റായ സായ് ഇംഗ് – വെൻ രണ്ട് ടേം പൂർത്തിയാക്കിയതിനാൽ മത്സരിച്ചില്ല.ഡി.പി.പി ജയിച്ചാൽ സംഘർഷം രൂക്ഷമാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനൊപ്പം പാർലമെന്റിലെ 113 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രാഥമിക ഫലങ്ങൾ പ്രകാരം ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ല. നിയമനിർമാണത്തിലടക്കം വെല്ലുവിളി ഉയരാമെന്നതിനാൽ മുന്നണി സർക്കാരുണ്ടാക്കാനാണ് പുതിയ പ്രസിഡന്റിന്റെ നീക്കം.
