ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. മുൻനിരയിൽ നിന്ന ഐ ഫോൺ ബ്രാന്റായ ആപ്പിളിനെ പിന്തള്ളിയാണ് ഈ വലിയ നേട്ടം മൈക്രോസോഫ്റ്റ് നേടിയത്. സോഫ്റ്റ്‌വെയർ കമ്പനികളുടെ ഓഹരികൾ ജനുവരി ആദ്യ ആഴ്ചകളിൽ ട്രേഡിംഗിൽ ഏകദേശം ഒരു ശതമാനം ഉയർന്നു. വിപണി മൂല്യം 2.87 ട്രില്യൺ ഡോളറിലേക്കാണ് ഉയർന്നത്. ആപ്പിൾ കമ്പനിയുടെ ഓഹരിക്ക് 0.77 ശതമാനം മൂല്യം ഇടിഞ്ഞ് 184.76 ഡോളറിൽ എത്തി.
പുതിയ ടെക്നോളജിയായ ജനറേറ്റീവ് ആർട്ടിഫിഷൽ ഇന്റലിജൻസ് മൈക്രോസോഫ്റ്റിന്റെ ഓഹരികളിൽ വർദ്ധനവ് ഉണ്ടാക്കി. മാത്രമല്ല ആപ്പിൾ കമ്പനിയേക്കാൾ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വിലയിലാണ് മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. എന്നാൽ ഐ ഫോൺ വിപണന രംഗത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ പല രാജ്യങ്ങളിലും – പ്രത്യേകിച്ച് ചൈനയിൽ – 2024 ന്റെ ആദ്യ കുറച്ച് ദിവസങ്ങളിൽ ആപ്പിളിന്റെ സ്റ്റോക്കിനെ സാരമായി ബാധിച്ചു.
