അതി ശൈത്യത്തിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. ഡൽഹിയിൽ കഴിഞ്ഞ ദിവസനങ്ങളിലും ഇന്നുമായി റെക്കോർഡ് തണുപ്പ് രേഖപ്പെടുത്തി. ഇന്ന് താപനില 3.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയും കനത്തമുടൽ മഞ്ഞ് തുടരുകയാണ്. സഫ്ദർജംഗിൽ രാവിലെ 7:30 ന് ഏറ്റവും കുറഞ്ഞ ദൃശ്യപരത 300 മീറ്റർ വരെയായിരുന്നു. പാലത്തിൽ 350 മീറ്റർ വരെയായിരുന്നു ദൃശ്യപരത.
മൂടൽമഞ്ഞും ശീതതരംഗവും കാരണം 18 ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെക്കൻ രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 3 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.