പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന നെഫെർറ്റിറ്റി രാജ്ഞിയുടേതെന്ന് കരുതുന്ന തലയില്ലാത്ത ഒരു മമ്മി കണ്ടെത്തിയെന്ന സൂചനയുമായി ഈജിപ്ഷ്യൻ ആർക്കിയോളജിസ്റ്റ് ഡോ.സാഹി ഹവാസ്. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയ ഇദ്ദേഹം ഈജിപ്റ്റിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രി കൂടിയാണ്.
2007 മുതൽ ഹവാസ് അടക്കമുള്ള പുരാവസ്തു ഗവേഷകർ ഏറെ നിഗൂഢതകൾ നിറഞ്ഞ നെഫെർറ്റിറ്റിയുടെ മമ്മിയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു.അഖെനാറ്റൻ രാജാവിന്റെ പത്നിയായിരുന്നു നെഫെർറ്റിറ്റി. ക്ലിയോപാട്രയെ പോലെ സൗന്ദര്യത്തിന്റെ പേരിലാണ് നെഫെർറ്റിറ്റി ലോകപ്രശസ്തയായത്. പരിശോധനയിലൂടെ 16 രാജകീയ മമ്മികളെ തിരിച്ചറിഞ്ഞിട്ടും നെഫെർറ്റിറ്റിയുടെ മമ്മി കണ്ടെത്തില്ല.
ഇപ്പോൾ സംശയാസ്പദമായ രണ്ട് മമ്മികൾ തങ്ങൾക്ക് മുന്നിലുണ്ടെന്നും ഇവയെ തിരിച്ചറിയാൻ ഒരു ഡി.എൻ.എ പ്രോജക്റ്റ് നടത്തുകയാണെന്നും ഹവാസ് പറയുന്നു. മമ്മികളിൽ ഒന്നിന് തലയില്ല.ഒന്ന് നെഫെർറ്റിറ്റിയുടെയും മറ്റൊന്ന് ബി.സി 1332 – ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ ഭാര്യ അൻഖെസെനമൂനിന്റേതും ആണെന്ന് കരുതുന്നു. നെഫെർറ്റിറ്റിയുടെ മകളാണ് അൻഖെസെനമൂൻ.
നാല് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താനായേക്കുമെന്നാണ് ഹവാസ് പ്രതീക്ഷിക്കുന്നത് . നെഫെർറ്റിറ്റിയുടെ മമ്മി തിരിച്ചറിയാനായാൽ തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷമുള്ള ഈജിപ്ഷ്യൻ ചരിത്രത്തിലെ നിർണായക നാഴികകല്ലുകളിലൊന്നായി മാറും.