കോവിഡ്‌ ജെഎന്‍.1 വകഭേദം ശ്വാസംമുട്ടിക്കും

At Malayalam
1 Min Read

സാര്‍സ്‌ കോവി-2 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍.1 ന്യുമോണിയ സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍. ഏത്‌ പ്രായത്തിലുള്ളവരെയും ന്യുമോണിയ ബാധിക്കാമെന്നും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ പ്രത്യേകിച്ചും കരുതിയിരിക്കണമെന്നും മുംബൈ ഗ്ലോബല്‍ ഹോസ്‌പിറ്റലിലെ പള്‍മനോളജി ആന്‍ഡ്‌ ലങ്‌ ട്രാന്‍സ്‌പ്ലാന്റ്‌ വിഭാഗം ഡയറക്ടര്‍ ഡോ. സമീര്‍ ഗാര്‍ഡേ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ശ്വാസകോശത്തിനുള്ളിലെ വായു അറകള്‍ക്ക്‌ നീര്‍ക്കെട്ടുണ്ടാക്കുന്ന രോഗമാണ്‌ ന്യുമോണിയ. ഈ വായു അറകളില്‍ പഴുപ്പും ദ്രാവകവും കെട്ടിക്കിടക്കുന്നത്‌ ചുമ, നെഞ്ച്‌ വേദന, പനി, ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന്‌ ഡോ. സമീര്‍ ചൂണ്ടിക്കാട്ടി.

- Advertisement -

എന്നാല്‍ എല്ലാ വ്യക്തികളിലും ഒരേ തരത്തിലാകില്ല ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. ഇത്‌ ഓരോരുത്തരുടെയും പ്രായവും ആരോഗ്യവും അനുസരിച്ച്‌ വ്യത്യസ്‌തമായിരിക്കും. ഉദാഹരണത്തിന്‌ പ്രായമായവരില്‍ ന്യുമോണിയ മൂലം ശ്വാസകോശ സംബന്ധ ലക്ഷണങ്ങളേക്കാള്‍ ആശയക്കുഴപ്പം, ധാരണശേഷിക്കുറവ്‌ പോലുള്ള ലക്ഷണങ്ങളാകാം പ്രകടമാകുക. വഷളാകുന്ന നെഞ്ച്‌ വേദന, ഉയര്‍ന്ന പനി, കുളിര്‌, നിരന്തരമായ ചുമ, കഫം, കഫത്തില്‍ രക്തം, ശ്വാസംമുട്ടല്‍, ക്ഷീണം, ദുര്‍ബലത എന്നീ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ന്യുമോണിയ ഉണ്ടാക്കുന്ന കോവിഡ്‌, ഇന്‍ഫ്‌ളുവന്‍സ, ന്യുമോകോകസ്‌ എന്നിവയ്‌ക്കെതിരെയെല്ലാം വാക്‌സിനേഷന്‍ എടുക്കുന്നത്‌ രോഗതീവ്രതയും സങ്കീര്‍ണ്ണതയും കുറയ്‌ക്കാന്‍ സഹായിക്കും. കൈകളുടെ ശുചിത്വം പരിപാലിക്കേണ്ടത്‌ രോഗവ്യാപനം കുറയ്‌ക്കാന്‍ അത്യാവശ്യമാണ്‌. ഇടയ്‌ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകേണ്ടതാണ്‌. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്‌ക്കുന്നതും വൈറസ്‌ പരക്കുന്നത്‌ കുറയ്‌ക്കും. നിത്യവുമുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, ആവശ്യത്തിന്‌ ഉറക്കം എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച്‌ കോവിഡ്‌, ന്യുമോണിയ പോലുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Share This Article
Leave a comment