ഓമനിച്ചുവളര്‍ത്തിയ പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ദമ്പതികള്‍. നോയിഡ സ്വദേശികളായ അജയ് കുമാറും ഭാര്യ ദീപയുമാണ് തങ്ങളുടെ പേര്‍ഷ്യന്‍ പൂച്ചയായ ‘ചീക്കു’വിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ തെരുവുകളിലുടനീളം ഒട്ടിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ചീകുവിനെ കാണാതാകുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തങ്ങളെ പറ്റിക്കാനായി കട്ടിലിനടിയിലോ വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്തോ ഒളിച്ചിരിക്കുന്നുണ്ടാകും എന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കാണാതായതോടെയാണ് ഇവര്‍ അന്വേഷണത്തിന് ഇറങ്ങിയത്. ഫ്ളാറ്റിന്റെ ബാല്‍കണിയില്‍ നിന്ന് ചീക്കു പുറത്തേക്ക് ചാടിയിറങ്ങി പാര്‍കിങ് ഏരിയയിലേക്ക് നടക്കുന്നതിന്റെ സി സി ടി വി ദൃശ്യം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍കിങ് ഏരിയയിലേക്ക് നടന്നശേഷം അപ്രത്യക്ഷനായ ചീക്കുവിനെ പിന്നീട് ആരും കണ്ടിട്ടില്ല.
തുടര്‍ന്ന് സെക്ടര്‍ 58 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഫലമുണ്ടാകാതിരുന്നതോടെ പാരിതോഷികം പ്രഖ്യാപിക്കുകയുമായിരുന്നു.
ഇതുസംബന്ധിച്ച പോസ്റ്റര്‍ മതിലുകളിലും പോസ്റ്റുകളിലും മറ്റ് പൊതു ഇടങ്ങളിലെല്ലാം ഒട്ടിച്ചിട്ടുണ്ട്. ചീക്കുവിന്റെ ചിത്രം ഉള്‍പെടെ പോസ്റ്ററിലുണ്ട്. കൂടാതെ ഇതേ കാര്യം അറിയിച്ചുകൊണ്ടുള്ള ലഘുലേഖകളും ദമ്പതികള്‍ വിതരണം ചെയ്തിട്ടുണ്ട്.
