നേരിന്റെ തേരോട്ടം തന്നെ

At Malayalam
2 Min Read

ഒരു ഇടവേളയ്ക്കു ശേഷമാണ് ബോക്‌സ് ഓഫീസിന് തീപിടിപ്പിച്ചുകൊണ്ട് ഒരു മോഹൻലാൽ ചിത്രം തിയറ്റർ നിറയ്ക്കുന്നത്. ഒര കോർട്ട് റൂം ഡ്രാമ എന്നത് മാത്രമാണ് ചിത്രത്തെ പറ്റി സംവിധായകൻ ജീത്തു ജോസഫ് തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു സാധാരണ ചിത്രം കൊണ്ട് തന്നെ സിനിമാസ്വാദകർക്കിടയിൽ തന്റെ സ്വാധീനം എത്രത്തോളം വലുതാണെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ.

ആഗോള കളക്ഷനിൽ 80 കോടി കടന്ന ചിത്രം ഇപ്പോൾ കേരള ബോക്‌സ് ഓഫീസിന് പുറമെ ഗൾഫിലും ചരിത്രം കുറിക്കുകയാണ്. ഗൾഫ് രാജ്യമായ യു എ ഇയിൽ ചിത്രം മികച്ച നേട്ടമുണ്ടാക്കുന്നുണ്ട് എന്നാണ റിപ്പോർട്ടുകൾ. ഇതുവരെയായി യു എ ഇയില്‍ നേര് 13.6 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്.

- Advertisement -

കേവലം ഒമ്പതു ദിവസങ്ങള്‍ കൊണ്ടായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബിലേക്ക് ചിത്രം ഓടിക്കയറിയത്. നിലവിലെ സാഹചര്യത്തിൽ ഇങ്ങനെ തന്നെ ചിത്രം മുന്നോട്ട് പോവുകയാണെങ്കിൽ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തപ്പെടും എന്നാണ് വിലയിരുത്തൽ. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ സ്വന്തമാക്കാനായി എന്നതാണ് നേരിന്റെ മുന്നേറ്റത്തിൽ പ്രധാനമായത്.

ഇന്ത്യയിലെ മറ്റ് ഇടങ്ങളിലും ചിത്രത്തിനു വലിയ രീതിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്. പ്രശാന്ത് നീൽ-പ്രഭാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ സലാർ, രാജ്‌കുമാർ ഹിറാനിയും ഷാരൂഖ് ഖാനും ഒന്നിച്ച ചിത്രമായ ഡങ്കി എന്നിവയ്‌ക്കൊപ്പമാണ് നേര് തിയേറ്ററുകളിൽ എത്തിയത്.

എന്നാൽ കേരള ബോക്‌സ് ഓഫീസിൽ മറ്റൊരു സിനിമയ്ക്കും നേരിന് വെല്ലുവിളി തീർക്കാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആഗോള കളക്ഷൻ 80 കോടി പിന്നിട്ടുവെന്നാണ് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ. പുതുവർഷത്തിലും പല തിയേറ്ററുകളിലും നിറഞ്ഞ സദസുകൾക്ക് മുൻപിലാണ് ചിത്രത്തിന്റെ പ്രദർശനം തുടരുന്നത്. സ്ക്രീന്‍ കൗണ്ടില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

- Advertisement -

വർഷങ്ങൾക്കു ശേഷം മോഹൻലാൽ അഭിഭാഷക വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേര്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനെ കൂടാതെ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment