ഇന്ത്യ തദ്ദേശീയമായിനിർമിച്ച ആദ്യ ആളില്ലാവിമാനം അദാനി എയ്റോസ്പേസ് പാർക്കിൽ നാവികസേനാമേധാവി അഡ്‌മിറൽ ആർ. ഹരികുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ദൃഷ്ടി 10 ‘സ്റ്റാർലൈനർ’ എന്ന് പേരിട്ടിരിക്കുന്ന വിമാനം അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസിലാണ് നിർമ്മിച്ചത്. ഇസ്രയേൽ സൈന്യത്തിൻ്റെ ഹെർമിസ് 900 യുഎവി ഡ്രോണുകളുടെ ഇന്ത്യൻ പതിപ്പാണ് ദൃഷ്ടി 10. റഡാറുകളുടെ കണ്ണുവെട്ടിച്ചും സിഗ്നലുകൾ തടസപ്പെടുത്തിയും ചാര പ്രവൃത്തി നടത്താൻ കഴിയുമെന്നതാണ് ഈ വിമാനങ്ങളുടെ പ്രത്യേകത. ആക്രമണങ്ങൾ നടത്താനും ഹെർമിസ് ഡ്രോണുകൾ ഉപയോഗിക്കാം.
30 മണിക്കൂർ മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ ദൃഷ്‌ടി 10 ‘സ്റ്റാർലൈനർ’ വിമാനത്തിന് കഴിയും. രണ്ട് പേർക്ക് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയും വിധമാണ് ക്രമീകരണം. 27.3 അടിയാണ് ഇതിന്റെ നീളം. 450 കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ഡ്രോണിനാകും. മണിക്കൂറിൽ 220 കിലോമീറ്റർ വേ ഗതയിൽ പറക്കാവുന്ന ഡ്രോണിന് 30000 അടി ഉയരത്തിൽ വരെ എത്താൻ കഴിയും.