മലയാളികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി പ്രശസസ്ത സംവിധായകൻ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയാക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കിയിരിക്കുകയാണ്. അണിയറ പ്രവർത്തകർ. തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. താടി വളർത്തി, ദൈന്യതയുടെ പ്രതിരൂപമായ നജീബിന്റെ ലുക്കിലാണ് പൃഥിരാജിനെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രത്തിന്റെ ട്രെയിലർ എന്ന പേരിൽ മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്തുവന്നിരുന്നു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അത് ട്രെയിലർ ആയിരുന്നില്ലെന്നും വേൾഡ് വൈഡ് റിലീസിന് മുന്നോടിയായി അന്താരാഷ്ട്ര ഏജന്റുമാർക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങൾ ചോർന്നതാണ് എന്നും ബ്ലെസി പിന്നീട് അറിയിച്ചിരുന്നു.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകല്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത് സുനിൽ കെ എസ്സും, എഡിറ്റിംഗ് ശ്രീകർ പ്രസാദും ആണ്. ചിത്രം ഏപ്രിൽ 10ന് തിയേറ്ററിൽ എത്തും.