ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. മിനിക്കോയി ദ്വീപാണ് എയര്‍പോര്‍ട്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 2500 മീറ്റർ നീളമുള്ള റൺവേയാകും ഒരുക്കുക. വിവിധ വിമാന സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിമാനത്താവളമെന്ന രീതിയിലാണ് മിനിക്കോയി എയര്‍പോര്‍ട്ട് നിര്‍മ്മിക്കുക.
നേവി, കോസ്റ്റ്ഗാർഡ്, ഐഎഎഫ് എന്നിവയ്ക്ക് പുറമെ സിവിൽ ഏവിയേഷൻ കമ്പനികൾക്കും ഉപയോഗിക്കാനാകുന്ന തരത്തിലാകും ഇത് തയ്യാറാക്കുക. എയര്‍പോര്‍ട്ടിനൊപ്പം ഇവിടെ പഞ്ചനക്ഷത്ര റിസോർട്ടുകൾ നിർമിക്കാനും പദ്ധതിയുണ്ട്. മാലിദ്വീപിന് വളരെ അടുത്തുള്ള മിനിക്കോയിയുടെ വികസനം മാലിദ്വീപ് ടൂറിസത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ എയര്‍ഫീല്‍ഡിന്‍റെ വരവോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലുമുള്ള കോസ്റ്റ് ഗാര്‍ഡിന്‍റെയും നേവിയുടെയും നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്ന് മിനിക്കോയില്‍ വ്യോമത്താവളം വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.നിലവില്‍ അഗത്തിയിലാണ് ദ്വീപില്‍ വിമാനത്താവളമുള്ളത്. എന്നാല്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ എല്ലാതരത്തിലുള്ള വിമാനങ്ങള്‍ക്കും അഗത്തിയില്‍ ഇറങ്ങാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണത്തെ കുറിച്ച് കേന്ദ്രം പരിഗണിക്കുന്നത്.
