വരിക ഗന്ധർവ്വ ഗായകാ …..

At Malayalam
2 Min Read

ദാസേട്ടാ , ഞങ്ങൾ കേട്ടിട്ടുള്ള ഏറ്റവും മനോഹരമായതും ആവർത്തിച്ചു കേട്ടിട്ടുള്ളതും അങ്ങയുടെ നാദമാണ്. ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നതും അതു തന്നെ.

ഞങ്ങളിലെ , കാമുകൻമാർക്കെല്ലാം എത്രയോ കാലങ്ങളായി അങ്ങയുടെ ശബ്ദമാണ്.

ഏതു പാട്ടും ഈ ശബ്ദത്തിലേ ഞങ്ങൾ കേൾക്കാറുള്ളു ; പാടിയത് ദാസേട്ടനല്ലങ്കിൽ പോലും. ഞങ്ങളുടെ പ്രണയത്തിനും വിരഹത്തിനും കുഞ്ഞു സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും ഭക്തിയ്ക്കും ,എന്തിന്, ഞങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും വിട്ടു പിരിഞ്ഞാൽ പോലും ദാസേട്ടനോടാണ് ഞങ്ങൾ ചേർന്നിരിക്കുന്നത്; ആശ്വാസം കൊള്ളുന്നത്.

ദാസേട്ടാ , ശബരിമലയിലെ ശ്രീ കോവിലിൽ നിന്ന് ‘ഹരിവരാസനം’ ഒഴുകി വരുമ്പോൾ , പ്രകൃതിയും ഭഗവാനും അസംഖ്യം മാനവ ഹൃദയങ്ങളും ഒന്നായി ഒരേ ബിന്ദുവിൽ അലിഞ്ഞു ചേരുന്ന മാന്ത്രികതയിൽ ഞങ്ങൾ മതി മറന്നു നിൽക്കുന്നു.

- Advertisement -

‘ജാതി ഭേദം മതദ്വേഷം’ എന്ന അർത്ഥവത്തായ വരികൾ ഞങ്ങളുടെ മനസുകളിൽ ഇത്രയും ആഴത്തിൽ പതിഞ്ഞത് ദാസേട്ടന്റെ നടാടെയുള്ള ആലാപനം എന്ന നിലയ്ക്കു കൂടിയാണ്. ‘കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാകിളി’ ഞങ്ങളുടെ ഇടനെഞ്ചിൽ കൂടു കൂട്ടിയിട്ട് പതിറ്റാണ്ടുകളായി ദാസേട്ടാ.

‘സത്യനായകാ മുക്തിദായകാ’ എന്നു ദാസേട്ടന്റെ ഉളളുലഞ്ഞപ്പോൾ ലോക സുഖത്തിനായി കുരിശേറിയ സ്നേഹസ്വരൂപനെ ഞങ്ങൾ അടുത്തറിയുകയായിരുന്നു. ‘ആയിരം കാതം അകലെയുള്ള’ വിശുദ്ധ മക്കയും പുണ്യ പ്രവാചകനും ഞങ്ങളുടെ മനസിൽ നിറഞ്ഞു നിൽപ്പുണ്ട്.

‘സന്യാസിനിയുടെ പുണ്യാശ്രമത്തിൽ സന്ധ്യാപുഷ്പവുമായി അന്യനെപ്പോലെ’ ദാസേട്ടൻ നിന്നപ്പോൾ അന്നുമെൻ ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു …… എന്ന് ഞങ്ങളും നൊന്തു. ‘അനുരാഗിണിയ്ക്ക് കരളിൽ വിരിഞ്ഞ പൂക്കൾ’ സമ്മാനിച്ചപ്പോൾ ഞങ്ങളുടെ ഹൃത്തടങ്ങളിൽ ആയിരം പനിനീർ പൂക്കൾ തേൻ ചൊരിഞ്ഞു. ഏഴു സ്വരങ്ങൾ തഴുകിയെത്തിയ നാദ വിസ്മയത്തിൽ ഞങ്ങൾ എഴുപത്തി രണ്ട് മേളകർത്താക്കളേയും ഒന്നിച്ചനുഭവിച്ചു.

കൊതി തീർന്നിട്ടില്ല ദാസേട്ടാ; ഞങ്ങൾക്കു മതിയായിട്ടില്ല. നാദധാരയിൽ ഇനിയും ഞങ്ങൾക്ക് നീന്തി തുടിയ്ക്കണം. അങ്കങ്ങൾക്കിനിയും ബാല്യങ്ങളേറെയുണ്ട്.

84 കേവലം ഒരു സംഖ്യ മാത്രമല്ലേ ? അങ്ങിനിയും അറിഞ്ഞൊന്നു മൂളിയാൽ , എത്രയോ യുഗങ്ങൾക്കപ്പുറത്തുള്ള അഭൗമ ലോകത്തിലേയ്ക്കാണ് ഞങ്ങൾ എത്തുക. അങ്ങേയ്ക്ക് അതു കഴിയും ; അങ്ങേയ്ക്ക് മാത്രമേ അതിനു കഴിയു , ഹൃദയാശംസകൾ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment