ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം ഗലീലിയോയ്ക്കാണ്
അക്കാലത്ത് ‘ചാരക്കണ്ണാടി’ (spyglass) എന്ന് അറിയപ്പെട്ടിരുന്ന ദൂരദർശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സ്വർഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയൻ സങ്കൽപ്പം ഇതോടെ പഴങ്കഥയായി .
നിരീക്ഷണം, പരീക്ഷണം,ഗണിതവത്‌ക്കരണം എന്നിവയാണ് ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തത് ഗലീലിയോ ആണ്. ‘പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ’ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയിൽ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങൾ ഏതാണെന്ന് ലോകത്തിനു പറഞ്ഞു കൊടുത്ത സാക്ഷാൽ ഐസക് ന്യൂട്ടൺ പോലും ഗലീലിയോ നിർമിച്ച അടിത്തറയിൽ നിന്നാണ് ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്. നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന് മുന്നേറാൻ കഴിയൂ എന്ന് ഗലീലിയോ തന്റെ ജീവിതംകൊണ്ട് തെളിയിച്ചു. താരാപഥത്തിലെ പല ഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.
കോപ്പർനിക്കസ്സിന്റെ ദർശനങ്ങളിൽ പലതും അദ്ദേഹം സമർത്ഥിച്ചുകാണിച്ചു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലന്നും സൗരയൂഥത്തിലെ ഒരു ഗോളമാണെന്നും കോപ്പർനിക്കസ്സ് പറഞ്ഞിരുന്നു. ഗലീലിയോ അത് ആദ്യമായി തെളിയിച്ചു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും അദ്ദേഹം വാദിച്ചു. ഈ ദർശനങ്ങൾ ചേർത്ത് അദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.