പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കി ഈസ്മൈട്രിപ്പ്.കോം. ഈ വിവരം കമ്പനി തന്നെയാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയ തുടരവേയാണ് ഈ നടപടി. മാലദ്വീപ് വിരുദ്ധ വികാരം ഉള്‍പ്പടെ ട്രെന്‍ഡിങ് ആയ സാഹചര്യത്തില്‍ ഈ സംഭവത്തിന്‍റെ പ്രത്യാഘാതം വരുന്ന ദിവസങ്ങളില്‍ തന്നെ വ്യക്തമാകുമെന്നാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് നല്‍കുന്ന വിവരം.
മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു.