തമിഴ്‌നാട് നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്നുവയസ്സുകാരി മരിച്ചു. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്.
പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി തോട്ടം തൊഴിലാളികള്‍ തിരച്ചില്‍ നടത്തി. പിന്നീട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് തേയിലച്ചെടികള്‍ക്കിടയില്‍ കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ വാരിയെടുത്ത് ഇരുചക്രവാഹനത്തിലായി പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയെ കണ്ടെത്തുമ്പോള്‍ ഗുരുതര പരിക്കുകളോടെ ബോധരഹിതയായ അവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി ഇവിടെവെച്ച് മരണപ്പെടുകയായിരുന്നു.