വൈദ്യുതി ബിൽ മാർച്ച് മുതൽ വീട്ടിൽ വന്ന് വാങ്ങും. മീറ്റർ റീഡർ കാർഡ് സ്വൈപ്പിംഗ് മെഷീനുമായെത്തും. ക്രെഡിറ്റ് കാർഡോ,ഡെബിറ്റ് കാർഡോ ഉപയോഗിക്കാം. യു.പി.ഐ പേമെന്റുമാകാം. ബില്ലടച്ച രസീതും കൈയോടെ നൽകും. മൊബൈൽ ഫോണിൽ മെസേജും വരും.
സംസ്ഥാനത്ത് 1.15 കോടി വൈദ്യുതി ഉപഭോക്താക്കളുണ്ട്. ഇതിൽ 70 ശതമാനവും ഓൺലൈനായി പണമടയ്ക്കുന്നുണ്ട്. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ പേമെന്റും. ഇതൊന്നും ഉപയോഗിക്കാത്തവരെ കെ.എസ്.ഇ.ബി ഓഫീസിൽ വരുത്താതെ, മുഴുവനും ഓൺലൈനാക്കുകയാണ് ലക്ഷ്യം.ആൻഡ്രോയ്ഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്പോട്ട് ബില്ലിംഗ് മെഷീനിലാണ് കാർഡ് സ്വൈപ്പിംഗ് സംവിധാനവുമൊരുക്കുന്നത്. 5286 മെഷീനുകൾ വൈദ്യുതി സെക്ഷനുകളിൽ ഉടൻ എത്തിക്കും.
കനറാബാങ്കിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കരാറിൽ കെ.എസ്.ഇ.ബിയും കനറാ ബാങ്കും ഒപ്പുവച്ചു.മെഷീൻ കനറാ ബാങ്ക് വാങ്ങി 90 രൂപ മാസവാടകയ്ക്ക് നൽകും. മെഷീൻ കേടായാൽ മൂന്ന് ദിവസത്തിനുള്ളിൽ ബാങ്ക് തന്നെ നന്നാക്കി നൽകും. ബിൽതുക പിറ്റേന്ന് കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് മാറ്റും. മെഷീനുകളുടെ നെറ്റ്‌വർക്ക് പരിപാലിക്കുന്നതും ബാങ്കിന്റെ ചുമതലയാണ്.
പുതിയ സംവിധാനം വരുന്നതോടെ കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. കാഷ്യർമാരെ മറ്റ് തസ്തികകളിലേക്ക് പുനർവിന്യസിക്കാനും കെ. എസ്.സി. ഇ. ബി ആലോചിക്കുന്നു.