പട്‌ന ഹൈക്കോടതിക്ക് ബോംബ് ഭീഷണി സന്ദേശം. ഹൈക്കോടതിയുടെ പരിസരങ്ങളിലും രാജ്യത്തെ മറ്റ് കോടതികളിലും സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ബോംബ് സ്‌ക്വാഡിനൊപ്പം പോലീസ് കോടതിയിൽ എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
കോടതി രജിസ്ട്രാർക്കാണ് ഇ-മെയിൽ ലഭിച്ചത്. തുടർന്ന് ജാഗ്രത പാലിക്കാൻ സ്ഥലത്തെ പോലീസിന് മുന്നറിയിപ്പ് നൽകിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ലോ ആൻഡ് ഓർഡർ) കൃഷ്ണ മുരാരി പ്രസാദ് പറഞ്ഞു. പരിശോധന നടത്തുന്നതിനായി ബോംബ് സ്‌ക്വാഡ്, ഭീകരവിരുദ്ധ സ്‌ക്വാഡ്, സ്‌നിഫർ ഡോഗ് സ്‌ക്വാഡ് എന്നിവർ കോടതിയിൽ എത്തിയിട്ടുണ്ട്. എന്നാൽ, സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഡിഎസ്പി പറഞ്ഞു. സന്ദേശം വന്ന ഇ-മെയിൽ വിലാസം പൊലീസ് പരിശോധിച്ചുവരികയാണ്.