പുതിയ ഇന്നോവ ഫോർ റിച്ച് പീപ്പിൾ

At Malayalam
3 Min Read

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. ക്വാളിസ് തെളിച്ചിട്ട വഴിയിലൂടെയാണ് ഓടിയതെങ്കിലും ക്വാളിസിനെ പോലും മറന്ന് ഇന്നോവയെ പൂർണമായും ഇന്ത്യക്കാർ നെഞ്ചിലേറ്റി. മൂന്നു തലമുറ ആവർത്തനങ്ങളിലൂടെ കടന്നുപോയ എം പി വി ഞെട്ടിക്കുന്ന ഹിറ്റാണ് കമ്പനിക്ക് സമ്മാനിച്ചത്. ആദ്യം ഇന്നോവ, പിന്നാലെ ക്രിസ്റ്റ, ഇപ്പോള്‍ ഹൈക്രോസ് എന്നിങ്ങനെ മാറിമാറി എത്തിയപ്പോഴെല്ലാം വലിയ സ്വീകാര്യതയാണ് വണ്ടി നേടിയെടുത്തത്.

നിലവിൽ ഇന്നോവയ്ക്ക് വലിയ ഡിമാന്റുമുണ്ട്. ടാക്‌സിയായിട്ടായാലും സ്വന്തം ഉപയോഗത്തിനായാലും ഇന്നോവ വേണമെന്ന് വാശിപ്പിടിക്കുന്നവർക്ക് ഇപ്പോൾ ധാരാളം ഓപ്ഷനുകളുമുണ്ട്. രാജ്യത്തെ മൊത്തം ടൊയോട്ട വാഹന വില്‍പ്പനയുടെ ഏകദേശം 25 ശതമാനവും ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയാണന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈക്രോസിനെ അപേക്ഷിച്ച് നോക്കുമ്പോഴുള്ള വിലക്കുറവും ഡീസൽ എഞ്ചിന്റെ സാന്നിധ്യവുമാണ് മോഡലിനെ ഇന്നും ജനപ്രിയമാക്കി നിലിനിർത്തുന്നത്.

പക്ഷേ തലക്കെട്ടിൽ സൂചിപ്പിച്ചതു പോലെ ഡീസൽ ഇന്നോവ വേണമെങ്കിൽ ഇനി അൽപം റിച്ചാകേണ്ടിവരും. ഹൈക്രോസിന് പിന്നാലെ ഇന്നോവ ക്രിസ്റ്റയുടെ വിലയിലും വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട. 2024 ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകൾ നിലവിൽ വന്നിരിക്കുന്നത്. നേരത്തെ ക്രിസ്റ്റയുടെ വില വർധനവിന്റെ കൃത്യമായ അളവ് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പുതുവർഷം ആരംഭിച്ചതോടെ ടൊയോട്ട ഇക്കാര്യത്തിലും വ്യക്തത വരുത്തിയിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റ ബ്രാൻഡിൽ നിന്നുള്ള 7 സീറ്റർ എം പി വി ക്ക് ഇപ്പോൾ 25,000 രൂപ വരെയാണ് അധികമായി മുടക്കേണ്ടി വരിക. മോഡലിന്റെ GX ഒഴികെ മറ്റ് രണ്ടു വേരിയന്റുകളായ VX, ZX എന്നിവയ്ക്കാണ് കാൽലക്ഷം രൂപയോളം ഉയർന്നിരിക്കുന്നത്.വർധനവിനു ശേഷം ഇപ്പോൾ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ വില ആരംഭിക്കുന്നത് 19.99 ലക്ഷം രൂപ മുതലാണ്. അതേസമയം ടോപ്പ്-സ്പെക്ക് ZX വേരിയന്റിന് 26.05 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഇനി വേരിയന്റും പുതുക്കിയ വിലകളും എങ്ങനെയാണെന്ന് നോക്കാം. ക്രിസ്റ്റ GX 7 സീറ്റർ, GX 8 സീറ്റർ പതിപ്പുകൾക്ക് 19.99 ലക്ഷവും VX 7 സീറ്ററിന് 24.39 ലക്ഷം രൂപയുമാണ് ജനുവരി ഒന്നു മുതൽ മുടക്കേണ്ടി വരുന്നത്.അതേസമയം VX 8 സീറ്ററിന് 24.44 ലക്ഷം, ZX 7 സീറ്ററിന് 26.05 ലക്ഷം രൂപ എന്നിങ്ങനെയുമാണ് പുതുക്കിയ എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് വകഭേദം ഒഴിവാക്കി മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇപ്പോൾ ഇന്നോവ ക്രിസ്റ്റ വിപണിയിൽ എത്തുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്.2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. ഇത് 145 bhp പവറും 343 Nm torque വരെ സൃഷ്ടിക്കാന്‍ പ്രാപ്‌തമാണ്. റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസൈനിലേക്ക് വന്നാൽ മുമ്പുണ്ടായിരുന്ന അതേ മോഡലിന്റെ രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും ഗ്രില്ലിലും മറ്റും ചില പരിഷ്ക്കാരങ്ങളുമായാണ് വണ്ടി ഇപ്പോൾ പുറത്തിറക്കുന്നത്.സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ അഞ്ചു കളർ ഓപ്ഷനുകളിൽ എം പി വി സ്വന്തമാക്കാനാവും. ഇന്റീരിയറിലേക്ക് കയറിയാൽ പഴയ ക്രിസ്റ്റകൾക്ക് സമാനമായ ശൈലി തന്നെയാണ് കാണാനാവുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം ഇതിലുണ്ട്.അതോടൊപ്പം രണ്ടാം നിരയ്ക്കുള്ള പിക്‌നിക് ടേബിളുകൾ, ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിരയ്ക്ക് വൺ-ടച്ച് ടംബിൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ഏഴ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുമുണ്ട്.

Share This Article
Leave a comment