അമ്മയെ കെട്ടിപിടിച്ച് കിടന്നുറങ്ങുന്ന ആനക്കുട്ടി, കേരള – തമിഴ്നാട് അതിര്‍ത്തിയിലെ ആനമലയില്‍ നിന്നുമുള്ള ഏറെ ഹൃദ്യമായ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്‍റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം – വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ചിത്രം എക്‌സിൽ പങ്കുവച്ചത്.
ചിത്രത്തിന് പിന്നിൽ ഏറെ ഹൃദ്യമായ ഒരു സംഭവവുമുണ്ട്. ഡിസംബർ 30 ന് ആനമലയക്ക് അടുത്തുള്ള തോട്ടില്‍ നിന്നും ഒരു കുട്ടിയാനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കൂട്ടം തെറ്റിയ ഈ കുട്ടിയാനായെ മലകയറ്റി അമ്മയ്ക്ക് അടുക്കൽ എത്തിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. രക്ഷപ്പെടുത്തിയ കുട്ടിയാന അമ്മയോടൊപ്പം ഒത്തുചേർന്ന ഉച്ചയ്ക്ക് ശേഷം, അമ്മയുടെ കൈകളിൽ കിടന്ന് ഉറങ്ങുന്ന ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ആനമല ടൈഗർ റിസർവിലെ ഫോറസ്റ്റ് ഫീൽഡ് സ്റ്റാഫ് ആണ് ചിത്രം എടുത്തത്. അമ്മ ആനയുടെ താടിക്കും മുന്‍കാലുകള്‍ക്കും ഇടയിലായാണ് ആനക്കുട്ടി കിടക്കുന്നത് . കൂട്ടം തെറ്റി പോയതിന്റെ ഭയപ്പാടൊന്നുമില്ലാതെ അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും തണലിൽ സുഖമായി ഉറങ്ങുന്ന ആനക്കുട്ടി ഏവരുടെയും ഹൃദയം കവരുകയാണ്.