അർജുന അവാർഡ് ജേതാവ് കൂടിയായ പഞ്ചാബിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽബീർ സിംഗ് ഡിയോളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയെ പിടികൂടി. ബുധനാഴ്ച ജലന്ധറിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ബസ്തി ബാവ ഖേലിലെ റോഡിലാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ ഡിയോളിന്റെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലേക്കുള്ള യാത്രയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മുൻ ഭാരോദ്വഹന താരമായിരുന്ന ഡിയോളിന് 2000ൽ അർജുന അവാർഡ് ലഭിച്ചിരുന്നു.
വിജയ് കുമാർ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ പ്രതി ഡിയോളിന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുക്കുകയും അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.