അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന പൊതുതാത്പര്യഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കോടതി മേൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇക്കഴിഞ്ഞ നവംബർ 24നാണ് ഹർജികളിൽ വാദം പൂർത്തിയാക്കിയത്. മാർച്ച് രണ്ടിന് സുപ്രീംകോടതി വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡും (സെബി) അന്വേഷിക്കണമെന്ന് നിർദ്ദേശം നൽകി.
അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വർഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറയുന്നു.
