റെനോ എന്ന കമ്പനി ഇന്ത്യയിലുണ്ടാക്കിയ വിജയം ആവര്‍ത്തിക്കാന്‍ അവരെ പിന്തുടര്‍ന്നെത്തിയ ഫ്രഞ്ചുകമ്പനിയാണ് സിട്രണ്‍. C5 എയര്‍ക്രോസ് എന്ന എസ് യു വിയുമായി ഇന്ത്യയിലെത്തിയ ഫ്രഞ്ചുകാര്‍ രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരുന്നു. നിലവില്‍ നാലു കാറുകളാണ് സിട്രണ്‍ പുറത്തിറക്കുന്നത്. C5 എയര്‍ക്രോസിനെ കൂടാതെ C3 എയര്‍ക്രോസ് മിഡ്‌സൈസ് എസ് യു വി, C3 ഹാച്ച്ബാക്ക്, eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവയാണ് ഫ്രഞ്ച് കമ്പനിയുടെ സംഭാവന.
5 എയര്‍ക്രോസിന് വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ലെങ്കിലും മറ്റു മൂന്ന് മാസ് മാര്‍ക്കറ്റ് കാറുകളിലൂടെ രാജ്യത്ത് വേരൂന്നാനാണ് സിട്രണിന്റെ ശ്രമം. ഇന്ത്യയിലെ രണ്ടാമത്തെ ഉല്‍പ്പന്നമായ C3 ഹാച്ച്ബാക്ക് പുറത്തിറക്കി വെറും ആറു മാസത്തിനുള്ളില്‍ കമ്പനി അതിന്റെ ഇലക്ട്രിക് പതിപ്പായ eC3 കൊണ്ടുവന്നു.ടാറ്റയുടെ ജനപ്രിയ മോഡലായ ടിയാഗോ ഇ വിയുമായിട്ടാണ് ഇത് മത്സരിക്കുന്നത്. 2023-ല്‍ ഇന്ത്യയില്‍ നിലവില്‍ ഏറ്റവും മത്സരം നിറഞ്ഞ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് ഇളക്കിമറിച്ച് സിട്രണ്‍ C3 എയര്‍ക്രോസ് പുറത്തിറക്കിയിരുന്നു.10 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയുള്ള ഈ എസ് യു വി സെഗ്‌മെന്റിലെ മറ്റു വമ്പന്‍മാര്‍ക്കെല്ലാം വെല്ലുവിളിയാണ്. ഇപ്പോള്‍ C3 എയര്‍ക്രോസിനെ അടിസ്ഥാനമാക്കി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ് സിട്രണ്‍ .മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, ടൊയോട്ട എന്നീ എതിരാളികള്‍ ഉടന്‍ ഇലക്ട്രിക് എസ് യു വികള്‍ കളത്തിലിറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സിട്രണും അങ്കത്തട്ടിലേക്കിറങ്ങുകയാണ്.
പുതിയ ഇലക്ട്രിക് എസ് യു വിക്ക് സിട്രണ്‍ eC3 എയര്‍ക്രോസ് എന്ന് പേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച സിട്രണ്‍ eC3 എയര്‍ക്രോസ് ഇലക്ട്രിക് കാര്‍ 2024 അവസാനത്തോടെ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന സിട്രണ്‍ eC3 ഇലക്ട്രിക് കാറില്‍ 29.2 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 320 കിലോമീറ്ററാണ് ഇതിന്റെ റേയ്ഞ്ച് . 57 bhp പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്. ഐ സി ഇ യുമായി ധാരാളം സാമ്യതകളാണ് eC3 ഇലക്ട്രിക് ഹാച്ചിനുള്ളത്. സിട്രണ്‍ eC3 എയര്‍ക്രോസും സമാന സ്വഭാവത്തില്‍ വരുമെന്നാണ് പ്രതീക്ഷ. C3 എയര്‍ക്രോസ് മിഡ്‌സൈസ് എസ് യു വി നിലവില്‍ രണ്ട് സീറ്റിംഗ് ലേഔട്ടില്‍ ലഭ്യമാണ്. ഇലക്ട്രിക് പതിപ്പും സമാനമായ സീറ്റിംഗില്‍ വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബാറ്ററി പായ്ക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്.
സിട്രണ്‍ eC3 എയര്‍ക്രോസിന് കൂടുതല്‍ വലിയ ബാറ്ററി പായ്ക്കും കൂടുതല്‍ പവറുള്ള ഇലക്ട്രിക് മോട്ടോറും ലഭിച്ചേക്കും. വിലനിര്‍ണയത്തിനായി ഉല്‍പ്പന്നങ്ങളുടെ ഫീച്ചര്‍ ലിസ്റ്റില്‍ സിട്രണ്‍ കാര്യമായ നീക്കുപോക്കുകള്‍ നടത്താറുണ്ട്11.61 ലക്ഷം രൂപ മുതല്‍ 12.79 ലക്ഷം രൂപ വരെയാണ് സിട്രണ്‍ eC3 ഇലക്ട്രിക് ഹാച്ചിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. എന്നാല്‍ വലിയ ബാറ്ററി പായ്ക്കുമായി വരുന്ന സിട്രണ്‍ eC3 എയര്‍ക്രോസിന് ഒരുപക്ഷേ 13 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറക്കിയാലും അത്ഭുതപ്പെടാനില്ല. അതേസമയം ടോപ്പ് വേരിയന്റിന് ഏകദേശം 17 ലക്ഷം രൂപ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കണം.
2024-ല്‍ സിട്രണ്‍ ബ്രാന്‍ഡില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്ന നാലു കാറുകളില്‍ ഒന്നായിരിക്കും ഈ ഇലക്ട്രിക് എസ് യു വി. സിട്രണിന്റെ അടുത്ത ലോഞ്ചാകുമെന്ന് കരുതപ്പെടുന്ന C3X ക്രോസ്ഓവര്‍ സെഡാന്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി പരീക്ഷണയോട്ടം നടത്തുന്നുണ്ട്. ലോഞ്ച് അടുക്കുന്നതോടെ പുതിയ ഇലക്ട്രിക് എസ് യു വിയെ കുറിച്ചുള്ള അപ്‌ഡേറ്റുകളും കമ്പനി പുറത്തുവിടും. മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം സിട്രണും കൂടി പുതിയ ഉല്‍പ്പന്നം കൊണ്ടുവരുന്നതോടെ തെരഞ്ഞെടുക്കാന്‍ ഒത്തിരി മോഡലുകള്‍ ഉണ്ടാവുമെന്നതിനാല്‍ മെച്ചം ഉപഭോക്താക്കള്‍ക്ക് തന്നെയാവും.