ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ഫത്വയുമായെത്തിയ സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ചില അമ്പലക്കാടന്മാര്‍ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു.ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അദ്ദേഹത്തിന് എന്തവകാശമാണുള്ളത്.
ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ തനിക്കുള്ളത്.കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന താക്കീതും മന്ത്രി നല്‍കി.കേരളം എന്നത് എല്ലാവരും സൗഹാര്‍ദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ്. അത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ല. അവരെ അര്‍ഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്താവനകളുമായി വന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയും ആരാധനകളോടെല്ലാം ജാഗ്രത പുലര്‍ത്തണമെന്നുമാണ് എസ്.വൈ.എസ് നേതാവ് നിര്‍ദേശം നല്‍കിയത്. ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് നേതാവ് പറഞ്ഞിരുന്നു.