സൈനിക ഉപകരണങ്ങൾ സംയുക്തമായി നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യയും റഷ്യയും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഗാസ, യുക്രെയിൻ സംഘർഷങ്ങളും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ഇരുനേതാക്കളും ചർച്ച ചെയ്തു.റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തവും സുസ്ഥിരവുമാണെന്ന് ജയശങ്കർ പ്രതികരിച്ചു. ഇക്കൊല്ലം ഇത് ഏഴാം തവണയാണ് ലവ്റോവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും അദ്ദേഹം ചർച്ച നടത്തും.
ഇന്ത്യ – റഷ്യ സഹകരണം യൂറേഷ്യൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നും ഇന്ത്യയ്ക്ക് ആവശ്യമായ സൈനിക ഉപകരണങ്ങൾ സ്വന്തം മണ്ണിൽ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും ലവ്റോവ് പറഞ്ഞു.ഇന്ത്യയും യൂറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ജനുവരി രണ്ടാം പകുതിയോടെ പുനരാരംഭിക്കാനും ധാരണയായി.
തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽ ഭാവിയിൽ ഊർജ്ജോത്പാദന യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടു. റഷ്യൻ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി ജയശങ്കർ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറിന് ധാരണയായത്.