ഇന്ത്യയുടെ ആദ്യ സൂര്യനിരീക്ഷണ പേടകം ആദിത്യ എൽ.1 ലക്ഷ്യത്തിനടുത്തെത്തി. ജനുവരി ആറിന് ലഗ്രഞ്ച് വൺ പോയിന്റിലെത്തും. കൃത്യമായ സമയം ഐ.എസ്.ആർ.ഒ. പിന്നീട് അറിയിക്കും.
ഭൂമിയുടേയും സൂര്യന്റേയും ആകർഷണങ്ങൾ ഇല്ലാതാകുന്ന ബഹിരാകാശ പോയിന്റാണ് ലെഗ്രാഞ്ച്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ ദൂരെയാണിത്. ദൗത്യം വിജയിച്ചാൽ നാസയ്ക്കും യൂറോപ്യൻ ഏജൻസിക്കും ജപ്പാനും പിന്നാലെ ഈ നേട്ടമുണ്ടാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
എൽ1 പോയിന്റിൽ നിന്ന് കൂടുതൽ ദൂരത്തേക്ക് പോകാതിരിക്കാൻ ഒരിക്കൽ കൂടി എൻജിൻ പ്രവർത്തിപ്പിക്കണം. ഇതാണ് അടുത്ത വെല്ലുവിളി. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ ചുറ്റുക.
ഇതിനായി എൻജിൻ ജ്വലിപ്പിച്ച് പേടകം നിയന്ത്രിച്ച് ലഗ്രാഞ്ച് പോയന്റിൽ എത്തിക്കും. കൃത്യമായ സ്ഥലത്തെത്തിയാൽ പേടകം സ്വയം തിരിഞ്ഞ് പുതിയ ഭ്രമണ പഥം തീർക്കും. അവിടെ നിന്നായിരിക്കും അഞ്ച് വർഷം സൂര്യനെ നിരീക്ഷിക്കുക.
ലോകത്തിനാകെ പ്രയോജനപ്പെടുന്ന വിവരങ്ങളാവും ആദിത്യ നൽകുക. സൂര്യന്റെ ചലനാത്മകത, അത് മനുഷ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാം മനസ്സിലാക്കാൻ ഉതകും.ഭ്രമണപഥം മാറാതെയും സൂര്യന്റെ ആകർഷണവലയത്തിലേക്ക് വീഴാതെയും അഞ്ചുവർഷം ആദിത്യയെ സൂക്ഷിക്കുന്നതും വെല്ലുവിളിയാണ്. ഇതിനായി പേടകത്തിലെ ഇന്ധനം ഉപയോഗിക്കും. അഞ്ച് വർഷവും രണ്ടുമാസവുമാണ് ആദിത്യയുടെ കാലാവധി. സെപ്തംബർ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്.