ഗാന്ധിഭവന് യൂസഫലിയുടെ പുതുവർഷ സമ്മാനം, ഇരുപത് കോടിയുടെ ബഹുനില മന്ദിരം

At Malayalam
1 Min Read

പുതുവര്‍ഷത്തില്‍ ഗാന്ധിഭവന് സ്നേഹ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി എം.എ. യൂസഫലി നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു.

ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടന്‍ ടി.പി. മാധവനടക്കം മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ പതിനഞ്ചു കോടിയിലധികം തുക മുടക്കി യൂസഫലി നിര്‍മ്മിച്ചുനല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്. ഇരുപത് കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളായാണ് നിര്‍മ്മാണം. അതിനും മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാഹാളുമുണ്ടാകും.

അടിയന്തിര ശുശ്രൂഷാസംവിധാനങ്ങള്‍, പ്രത്യേക പരിചരണവിഭാഗങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അഗതികളായ അച്ഛന്മാര്‍ക്ക് സമ്മാനിക്കുമെന്ന് യൂസഫലി പറഞ്ഞു.

- Advertisement -
Share This Article
Leave a comment