ലോകം ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ യേശു പിറന്ന ബത്‌ലഹേമിൽ ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങളില്ല. ഇസ്രയേൽ ആക്രമണത്തിൽ കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ നിസഹായതയും നിലവിളിയും മാത്രമുള്ളപ്പോൾ ക്രിസ്‌മസ് ആഘോഷങ്ങൾ വേണ്ടെന്നു വച്ചിരിക്കുകയാണ് ബത്‌ലഹേം. ദിവസങ്ങളോളം തുടരുന്ന തിരുപ്പിറവി ആഘോഷങ്ങൾ ഒഴിവാക്കി. എങ്ങും പ്രാർത്ഥന മാത്രം.
ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഒഫ് നേറ്റിവിറ്റിയും പരിസരവും വിജനമായി കിടക്കുകയാണ്. ഗാസയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കിൽ ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിലാകുമെന്നും മുൻതർ ഐസക് പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8000ത്തോളം പേർ കുട്ടികളാണ്. 53,688 പേർക്കാണ് ഇതുവരെ പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നും സംശയമുള്ളതായി മന്ത്രാലയം കൂട്ടിചേർത്തു.