ഒരു ബസ്, സമീപകാല ചരിത്രത്തിലൊന്നും ഇത്രയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഭാരത് ബെൻസ് നിർമിച്ചതാണ് ബസ്. സത്യത്തിൽ, നിലവിൽ കെ. എസ്. ആർ.റ്റി.സി ദീർഘദൂര സർവീസിനുപയോഗിക്കുന്ന ബസുകളുടെ അത്രത്തോളമോ അല്ലെങ്കിൽ അല്പം കൂടുതൽ സൗകര്യങ്ങൾ കൂടി മാത്രമേ അതിലുമുള്ളു. പക്ഷേ ബസും ബസിലെ യാത്രക്കാരുമാണ് ഏകദേശം രണ്ടു മാസത്തോളം ചർച്ചയായത്. അതിനു കാരണവമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഇരുപത് മന്ത്രിമാരുമാണ് അതിൽ യാത്ര ചെയ്തത് എന്നതു തന്നെ. എക്കാലത്തും മാധ്യമങ്ങൾക്കും ഇപ്പോൾ സോഷ്യൽ മീഡിയ അടക്കമുള്ളവയ്ക്കും പിണറായി വിജയൻ വാർത്താ സ്രോതസ്സു തന്നെയാണ് എന്നതിൽ തർക്കമില്ല. ബസിനെ കുറിച്ച് സ്വല്പം കൂടുതൽ കയറ്റി തള്ളിയപ്പോൾ മുഖ്യമന്ത്രി തന്നെ പറഞ്ഞു, പത്രക്കാർ കയറി നോക്കിക്കോളാൻ. സംഗതി രസികൻ തന്നെ, ഒരു ബയോ ടോയ്ലെറ്റുണ്ട്. സീറ്റൊക്കെ കൊള്ളാം ,അറേഞ്ച്മെന്റ്സും നന്ന്.പലർക്കും ബോഡിയിലെ ഗ്രാഫിക്സ് ആണ് കൂടുതൽ ഇഷ്ടമായത്. നിറവും ലൈറ്റിംഗ് അറേഞ്ച് മെന്റ്സും കൊള്ളാം. അതെന്തായാലും മന്ത്രിസഭയുടെ യാത്രയ്ക്കൊപ്പം ഈ ബസും ചരിത്രമായി എന്നതും വസ്തുത.
നവകേരള സദസ്സിന്റെ സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും മടങ്ങിയത് അവരവരുടെ ഔദ്യോഗിക വാഹനങ്ങളിലായിരുന്നു. ഏകദേശം 36 ദിവസത്തെ യാത്ര കഴിഞ്ഞെത്തിയ നവകേരള ബസ് ഇപ്പോൾ പൊലിസിന്റെ കയ്യിലുണ്ട്.
സി പി ഐ നേതാവ് കാനം രാജേന്ദ്രൻ മരിച്ചതിനെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരള സദസ്സ് ജനുവരി ഒന്നിനും രണ്ടിനുമായി നടക്കുന്നുണ്ട്. അതിനുശേഷം നവകേരള ബസ് ആർക്കാ വും കൈമാറുക ?. വിനോദ സഞ്ചാരവകുപ്പിനു കൈമാറും എന്നു കേൾക്കുന്നു ,കെ. എസ്. ആർ. റ്റി. സിയ്ക്കാവും എന്നും കേൾവിയുണ്ട്.
കോൺട്രാക്ട് ക്യാരേജ് ആണെങ്കിലും നിലവിലെ വെള്ളനിറമല്ല നവകേരള ബസ്സിനുള്ളത്. നിർത്തിയിട്ടിരിക്കുമ്പോൾ ആവശ്യമെങ്കിൽ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവർത്തിപ്പിക്കാനും കോഫി /ടീ മേക്കർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിയ്ക്കുകയും ചെയ്യാം. ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻ നിർത്തിയാണ് ഭാരത് ബെൻസിന്റെ 12 മീറ്റർ ഷാസിയിൽ ബസ് നിർമിച്ചതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു.
സംസ്ഥാന ടൂറിസം വകുപ്പിനാണ് ബസ് നൽകുന്നതെങ്കിൽ സ്വാഭാവികമായും അത് വിനോദസഞ്ചാരത്തിനായി തന്നെയാകും ഉപയോഗിക്കുക. മറിച്ച് കെ എസ് ആർ റ്റി സി യ്ക്കാണങ്കിൽ വലിയ മാറ്റം പൊതുഗതാഗത മേഖലയ്ക്കുണ്ടാക്കാനായി ഈ മാതൃക പിൻതുടരാം. ഭാവിയിൽ ഇത്തരം ബസുകൾ കെ എസ് ആർ റ്റി സി നിർമിച്ച് ഉപയോഗിക്കണം. പ്രത്യേകിച്ചും ബയോടോയ് ലെറ്റ് സംവിധാനം പോലുള്ളവ. നിലവിൽ യാത്രക്കാർക്ക് ഒന്നു കാര്യം സാധിയ്ക്കണമെങ്കിൽ ബസ് സ്റ്റാന്റിൽ എത്തുമ്പോൾ മൂക്കിൽ വിരൽ കുത്തികയറ്റി അവിടത്തെ ടോയ്ലെറ്റിൽ ഓടി കയറേണ്ട സാഹചര്യമാണല്ലോ. അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലുകളിൽ നിർത്തണം. ഇതാകട്ടെ എപ്പോഴും പ്രായോഗികവുമല്ല. ആ നിലക്ക് ഇത്തരം ബസുകൾ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണന്ന് തിരിച്ചറിയണം. യാത്രയ്ക്കിടയിൽ ഒരു ചൂടു കോഫി / ചായ ആരാണ് ആഗ്രഹിയ്ക്കാത്തത്. കെ എസ് ആർ റ്റി സിയ്ക്ക് അതും നേട്ടമാക്കാം. അല്പം സഹിഷ്ണുത കാണിച്ചാൽ മതി. പബ്ലിക് റോഡ് മറ്റു വാഹനങ്ങൾക്കു കൂടി ഉള്ളതാണന്നന്നുള്ള ബോദ്ധ്യവും വേണം.
നവ കേരള ബസ് മാതൃക നാട്ടിലെ പൊതുഗതാഗത രംഗത്ത് പുതിയ തുടക്കമാകട്ടെ . സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് അല്പം ചെലവു കൂടിയാലും നാട്ടുകാർ സഹിച്ചോളും. അങ്ങനെയൊക്കെ കൂടി വേണ്ടേ നവകേരളം സൃഷ്ടിയ്ക്കാൻ .അതാണല്ലോ വന്ദേ ഭാരത് കാണിച്ചു തന്നതും.