ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ സഞ്ജയ് കുമാർ സിങ് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പത്മശ്രീ മടക്കി നൽകി ഗുസ്തി താരം ബജ്രംഗ് പുനിയ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പുനിയ നിലപാട് വ്യക്തമാക്കിയത്. പത്മശ്രീ പുരസ്കാരം തിരികെ നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു. കത്തിന്റെ പകർപ്പ് പുനിയ എക്സിൽ പങ്കുവെച്ചു. 2019-ലാണ് ബജ്രംഗ് പുനിയയ്ക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്.
ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ താൻ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് സാക്ഷി മാലിക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ സാക്ഷിക്കും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടിനുമൊപ്പം ബജ്‌രംഗ് പുനിയയും പങ്കെടുത്തിരുന്നു. ബ്രിജ് ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിൽ പുനിയയും പങ്കെടുത്തിരുന്നു. ഒളിംപിക് വെങ്കല മെഡൽ ജേതാവുകൂടിയാണ് ബജ്‌രംഗ് പുനിയ.