ബ്രിട്ടണിലെ അന്തരിച്ച ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ബല്ലരീന – ലെംഗ്ത്ത് വെൽവെറ്റ് ഈവിനിംഗ് ഗൗൺ’ റെക്കോഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. ഹോളിവുഡിൽ ജൂലിയൻസ് കമ്പനി സംഘടിപ്പിച്ച ലേലത്തിൽ 1,148,080 ഡോളറാണ്( 9,56,54,870 രൂപ ) അതിമനോഹരമായ ഈ ഗൗണിന് ലഭിച്ചത്.
1985ൽ ഫ്ലോറൻസിലും പിന്നീട് 1986ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഡയാന ഈ ഗൗൺ ധരിച്ചിരുന്നു. ഡയാനയുടെ വസ്ത്രങ്ങളിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം ചെയ്ത വസ്ത്രമാണിത്.
ഫാഷൻ ലോകത്തെ സ്റ്റൈൽ ഐക്കണുകളിൽ ഒരാളായിരുന്നു ഡയാന. ജനുവരിയിൽ ഡയാനയുടെ 25 വർഷം പഴക്കമുള്ള ഡീപ്പ് പർപ്പിൾ സിൽക്ക് വെൽവെറ്റ് ബോൾ ഗൗൺ 4.9 കോടി രൂപയ്ക്ക് സതബീസ് ഫൈൻ ആർട്സ് കമ്പനി ലേലം ചെയ്തിരുന്നു.
ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ആദ്യ ഭാര്യയായ ഡയാനയെ 1997 ഓഗസ്റ്റ് 31ന് ഒരു കാറപകടത്തിൽ 36ാം വയസിലാണ് വിടവാങ്ങിയത്.
