ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. പൂഞ്ചിലെ താനാമണ്ടി മേഖലയിലാണ് ആക്രമണം നടന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോകുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളെ ഭീകരർ ആക്രമിച്ചതിന് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ വെടിവയ്‌പ് തുടരുകയാണ്. കൂടുതൽ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും, സംഭവത്തിന്റെ വിശദ വിവരങ്ങൾ അന്വേഷിക്കുന്നതായും സൈന്യം അറിയിച്ചു.
ഭീകരരർ പതിയിരുന്ന് വാഹനത്തെ വെടിവയ്ക്കുകയായിരുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരാക്രമണം രൂക്ഷമാണ്. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.