അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എം. വി. റ്യൂവൻ എന്ന മാൾട്ട ചരക്കു കപ്പലിനെ രക്ഷിക്കാൻ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലും പട്രോൾ വിമാനവും പാഞ്ഞെത്തി.
പതിനെട്ട് ജീവനക്കാരുള്ള കപ്പൽ വ്യാഴാഴ്ച യെമനിലെ സൊകോത്ര ദ്വീപിന് 380 നോട്ടിക്കൽ മൈൽ കിഴക്കു വച്ചാണ് റാഞ്ചിയത്. ഇവിടം കടൽക്കൊള്ള മുക്ത മേഖലയായിരുന്നു. കപ്പൽ തുർക്കിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുക്കുകയും ചെയ്തു.
അജ്ഞാതരായ ആറ് പേർ അതിക്രമിച്ചു കയറിയെന്നും നിയന്ത്രണം തങ്ങൾക്കല്ലെന്നും കപ്പലിലെ സെക്യൂരിറ്റി ഓഫീസറുടെ അടിയന്തര സന്ദേശം യു. കെ മറൈൻ ട്രേഡ് ഓപ്പറേഷൻസ് പോർട്ടലിൽ വെള്ളിയാഴ്ച എത്തി. അപായ സന്ദേശത്തോട് ആദ്യം പ്രതികരിച്ചത് ഇന്ത്യൻ നാവിക സേനയാണ്. ഉടൻ തന്നെ ഏഡൻ കടലിടുക്കിൽ പട്രോളിംഗ് നടത്തിയിരുന്ന യുദ്ധക്കപ്പലും നിരീക്ഷണ വിമാനവും മാൾട്ട കപ്പലിനടുത്തേക്ക് തിരിച്ചു വിട്ടു. വെള്ളിയാഴ്ച പുലർച്ചെ കപ്പൽ കണ്ടെത്തിയ ഇന്ത്യൻ വിമാനം കപ്പലിന് മീതേ പറന്ന് സ്ഥിതി വിലയിരുത്തി. ഇന്നലെ പുലർച്ചെ ഇന്ത്യൻ യുദ്ധക്കപ്പൽ മാൾട്ട കപ്പലിനെ തടഞ്ഞതായാണ് റിപ്പോർട്ട്.
യൂറോപ്യൻ നാവികസേനയുടെ സ്പെയിനിലെ കേന്ദ്രത്തിലും സന്ദേശം ലഭിച്ചു. കപ്പലിനെ മോചിപ്പിക്കാൻ യൂറോപ്യൻ യൂണിയന്റെ കടൽക്കൊള്ള വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ അറ്റ്ലാന്റ പ്രവർത്തനം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സ്പാനിഷ് യുദ്ധക്കപ്പലായ വിക്ടോറിയയെ സ്ഥലത്തേക്ക് നിയോഗിച്ചു.
കപ്പലുമായുള്ള ബന്ധം നഷ്‌ടമായതായി നടത്തിപ്പുകാരായ നേവിബൾഗർ കമ്പനി അറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണെങ്കിലും കപ്പലിന്റെ നിയന്ത്രണം അവർക്കല്ലെന്നും റാഞ്ചികൾ തങ്ങളുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി ഡയറക്ടർ അലക്സാണ്ടർ കാൽചേവ് പറഞ്ഞു.