താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമിയിൽ നിലവിൽ ഭിന്നിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. ബിജുവിനെ കുറിച്ചുള്ള അഭിപ്രായം താൻ പറഞ്ഞത് അക്കാദമി ചെയർമാന്റെ കസേരയിൽ ഇരുന്നല്ല. തന്റെ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ തീർത്തും സൗഹൃദ സംഭാഷണമാണതെന്ന് രഞ്ജിത്ത് പറഞ്ഞു. റെക്കോർഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, ഇല്ല സ്റ്റിൽസ് എടുക്കുന്നുവെന്നാണ് പത്രക്കാർ പറഞ്ഞത്. അവരിപ്പോൾ, ടെലിക്കാസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തുവാനതുമ്പികളിലെ ഭാഷയെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ലാൽ പറഞ്ഞത് അന്ന് തിരുത്താൻ ആളില്ലായിരുന്നുവെന്നാണ്. അതാണതിന്റെ സ്പിരിറ്റ്. എനിക്കതിന്റെ സ്വാതന്ത്ര്യമുണ്ട്. മമ്മൂക്കയെ കുറിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെ പറഞ്ഞത്. മമ്മൂക്ക ഇക്കാര്യത്തിൽ കൂടുതൽ അധ്വാനിക്കും. ഇതെനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാൻ അവരോടൊപ്പം ജോലിചെയ്തയാളാണ്. ലാലിനോടും ഞാനിക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട് എന്നും രഞ്ജിത്ത്.