മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രിയ ജേഴ്സി നമ്പർ ഏഴ് വിരമിക്കുന്നു. ഏഴാം നമ്പര്‍ ജേഴ്സി പിൻവലിക്കുന്നതായി ബിസിസിഐ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയിട്ടുള്ള സംഭാവനകളോടുള്ള ആദര സൂചകമായാണ് ഏഴാം നമ്പര്‍ ജേഴ്സിക്ക് ബിസിസിഐ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി മാത്രമാണ് മുമ്പ് ഇത്തരത്തില്‍ ബിസിസിഐ പിന്‍വലിച്ചിട്ടുള്ളത്. 2017ലായിരുന്നു പത്താം നമ്പര്‍ ജേഴ്സി ബിസിസിഐ ഔദ്യോഗികമായി പിന്‍വലിച്ചത്.
ടീം അംഗങ്ങളോടും പ്രത്യേകിച്ച് പുതുമുഖ താരങ്ങളോടും ഏഴാം നമ്പര്‍ ജേഴ്സി തെരഞ്ഞെടുക്കരുതെന്ന് ബിസിസിഐ അറിയിച്ചതായും സൂചനയുണ്ട്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. എന്നിരുന്നാലും, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണ്, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ ഒരുങ്ങുകയാണ്. ആദ്യ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ചരിത്ര കിരീടം നേടിയത് ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു.