ഇന്ത്യൻ യാത്രക്കാർക്കുള്ള വിസ നിബന്ധന ഇറാൻ നീക്കുമെന്ന് സൂചന. റഷ്യ, സൗദി അറേബ്യ, ഖത്തർ, ജപ്പാൻ, യുഎഇ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾ ഉൾപ്പെടുന്ന വിസ ഇളവ് പട്ടികയിൽ ഇന്ത്യയുണ്ടെന്ന് ടെഹ്‌റാനിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്. ഇറാനിയൻ വാർത്താ ഏജൻസിയുടെ (ഐആർഎൻഎ) ഒരു റിപ്പോർട്ട് അനുസരിച്ച്, ഇറാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിനെ സഹായിക്കാനാണ് ഈ നീക്കം. വിനോദസഞ്ചാരവും വ്യാപാരവും വർദ്ധിപ്പിക്കാൻ മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ സമാനമായ വിസ ഇളവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കായി വിസ-ഇളവ് കരാർ ഇന്ത്യയ്ക്ക് ഇറാനുമായുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ടെഹ്‌റാൻ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളെ വിസ ഇളവുകളുടെ പട്ടികയിൽ ചേർക്കുന്നത്. കൂടുതൽ സന്ദർശകരെ കൊണ്ടുവരുന്നതിനും, പാശ്ചാത്യ ലോകത്തെ “ഇറാനോഫോബിയ” ക്കെതിരെ പോരാടുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം തീരുമാനമെന്ന് ഇറാൻ ടൂറിസം മന്ത്രി എസത്തൊള്ള സർഗാമി പറഞ്ഞു.