രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ രാംനിവാസ് ബാഗിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യമായാണ് ഭജൻ ലാൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 56 കാരനാണ് ഭജൻ ലാൽ ശർമ്മ. മറ്റ് ബിജെപി നേതാക്കളായ ദിയാ കുമാരിയും പ്രേംചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പാർട്ടിയുടെ മറ്റ് ഉന്നത നേതാക്കൾ എന്നിവർ പങ്കെടുത്തു.
പാർട്ടിയുടെ കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിംഗ്, സരോജ് പാണ്ഡെ, വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ആദ്യമായി എംഎൽഎയായ ഭജൻ ലാൽ ശർമ്മയെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അതാരി ഗ്രാമത്തിന്റെ സർപഞ്ചായി അദ്ദേഹത്തെ രണ്ടുതവണ തെരഞ്ഞെടുത്തിരുന്നു. അതിനുശേഷം, മണ്ഡല് അധ്യക്ഷൻ മുതൽ സംസ്ഥാന സംഘടനാ സെക്രട്ടറി പദവി ഉൾപ്പെടെ ബിജെപിക്കുള്ളിൽ ഒന്നിലധികം സ്ഥാനങ്ങൾ ശർമ്മ വഹിച്ചിട്ടുണ്ട്.
