പാർലമെന്റിൽ ബുധനാഴ്ചയുണ്ടായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്‌പെൻഡ് ചെയ്തു. സംഭവം നടക്കുമ്പോൾ എൻട്രി ഗേറ്റും പാർലമെന്റ് ഹൗസ് എൻട്രി ഏരിയയും ഉൾപ്പെടെയുള്ള നിർണായക ആക്സസ് പോയിന്റുകളിൽ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന്റെ ആദ്യ സുപ്രധാന നടപടിയാണ് സുരക്ഷാ ജീവനക്കാരുടെ സസ്‌പെൻഷൻ.
ഇന്നലെ, ലോക്‌സഭയിലെ സീറോ അവറിൽ സന്ദർശക ഗ്യാലറിയിൽ നിന്ന് ലോവർ ഹൗസിലേക്ക് രണ്ട് പേർ ചാടുകയും, കളർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ലോക്‌സഭാ ചേംബറിൽ ചാടിയ സാഗർ ശർമയെയും മനോരഞ്ജൻ ഡിയെയും എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചതിന് അമോൽ ഷിൻഡെ, നീലം എന്നിവരെ കസ്റ്റഡിയിലെടുത്തു. ആറാമത്തെ പ്രതി ഒളിവിലാണ്.
സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകാൻ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) മേധാവിയെ നിയോഗിച്ചു.അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഢാലോചന, തടസ്സപ്പെടുത്തൽ, കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കൽ, യുഎപിഎ ആക്ട് തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
പാർലമെന്റിന്റെ സുരക്ഷാ അവലോകനം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾക്ക് നൽകിയ സന്ദർശക പാസിൽ ഒപ്പിട്ട ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു .
