മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ മംഗുഭായ് സി പട്ടേൽ യാദവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തെക്കൻ ഉജ്ജയിൻ മണ്ഡലത്തിൽനിന്ന് മൂന്നാമതും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട യാദവ് കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 17-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബർ 3-ന് വോട്ടെണ്ണൽ നടത്തുകയും ചെയ്തു. ബിജെപി 163 സീറ്റുകൾ നേടി മികച്ച വിജയം നേടിയപ്പോൾ കോൺഗ്രസ് 66 സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി.