ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

At Malayalam
1 Min Read

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. കേസിൽ 16 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബർ 5 ന് സുപ്രീം കോടതി വിധി പറയാൻ മാറ്റി വച്ചിരുന്നു.. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെതിരായ ഹർജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. വിധിക്കു മുന്നോടിയായി കശ്മീരിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിക്ക് മുന്നോടിയായി തങ്ങളുടെ പാർട്ടി മേധാവി മെഹബൂബ മുഫ്തിയെ “നിയമവിരുദ്ധ” വീട്ടുതടങ്കലിലാക്കിയെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അവകാശപ്പെട്ടു.മഫ്തിയുടെ വസതിയുടെ വാതിലുകൾ പോലീസ് സീൽ ചെയ്തതായി പിഡിപി ട്വീറ്റിൽ പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ കോൺഫറൻസ് എംപി ഹസ്നൈൻ മസൂദി പറഞ്ഞു.

സ്വകാര്യ വ്യക്തികൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരാണ് ഹർജിക്കാർ. 2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. 16 ദിവസം നീണ്ട വാദം കേൾക്കലിനു ശേഷം സെപ്റ്റംബർ അഞ്ചിനാണ് ഹർജികളിൽ വിധി പറയാനായി കോടതി മാറ്റിവെച്ചത്

Share This Article
Leave a comment