ശ്രീ വിലയ്ക്കു വാങ്ങുമോ വിലക്ക്

At Malayalam
1 Min Read

ഇന്ത്യന്‍ ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെതിരെ നടത്തിയ പരാമര്‍ശത്തിനു പിന്നാലെ ശ്രീശാന്തിന് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) വക്കീല്‍ നോട്ടീസ് അയച്ചു. മത്സരത്തിനിടെ ഗംഭീര്‍ തന്നെ ‘ഫിക്സര്‍’ എന്ന് വിളിച്ചതായി ശ്രീശാന്ത് വീഡിയോയിലൂടെയും പോസ്റ്റുകളിലൂടെയും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതികരണത്തിലൂടെ ശ്രീശാന്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ടൂര്‍ണമെന്റിനിടെ പേസര്‍ കരാര്‍ ലംഘിച്ചതായി നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നു.ഗംഭീറിനെ വിമര്‍ശിക്കുന്ന എല്ലാ വീഡിയോകളും ലീഗിന്റെ പ്രിവ്യൂവില്‍ ഉള്ളതിനാല്‍ ശ്രീശാന്ത് ഇവ നീക്കം ചെയ്താല്‍ മാത്രമേ എല്‍എല്‍സി ശ്രീശാന്തുമായി സംസാരിക്കൂ.

മറുവശത്ത്, സംഭവത്തെക്കുറിച്ച് അമ്പയര്‍മാരും മാച്ച് ഒഫീഷ്യല്‍സും അവരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും ഗംഭീര്‍ തന്നെ ‘ഫിക്‌സര്‍’ എന്ന് വിളിച്ചെന്ന ശ്രീശാന്തിന്റെ ആരോപണത്തെക്കുറിച്ച് അവരാരും പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അച്ചടക്ക ലംഘനം നടത്തിയത് ശ്രീശാന്താണെന്ന വിലയിരുത്തലാണ് കമ്മീഷനുള്ളത്. അതിനാൽ തന്നെ ശ്രീശാന്തിന് വിലക്ക് ഉള്‍പ്പെടെ കര്‍ശന നിയമനടപടി നേരിടേണ്ടി വന്നേക്കുമെന്നാണ് വിവരം.

കളിക്കളത്തിലും പുറത്തും ക്രിക്കറ്റ് ലോകത്തു മൊത്തത്തിൽ ചര്‍ച്ചയായ സംഭവം പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ലീഗിന്റെ പെരുമാറ്റച്ചട്ട നൈതിക സമിതിയുടെ വ്യക്തമായ നിയമങ്ങള്‍ ലംഘിച്ച എല്ലാവര്‍ക്കുമെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പെരുമാറ്റച്ചട്ട നൈതിക സമിതിയുടെ തലവന്‍ സയ്യിദ് കിര്‍മാണി പറഞ്ഞു.

- Advertisement -

അതേസമയം, വിവാദ സംഭവത്തില്‍ ശ്രീശാന്തിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്തുവന്നു. ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങള്‍ വിശദീകരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വീഡിയോയ്ക്കു താഴെയാണു ഭുവനേശ്വരി പ്രതികരണം അറിയിച്ചത്. ”വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി” എന്ന് ഭുവനേശ്വരി കുറിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment