കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിലെ വീട്ടിലെത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസ് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ഇതിനിടെ, തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആസൂത്രണത്തിന്‍റെ നിര്‍ണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഓയൂരില്‍നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം ഇവര്‍ തയ്യാറാക്കി. കൃത്യമായ ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്. സിസിടിവി ഇല്ലാത്ത ഗ്രാമീണ റൂട്ടുകള്‍ ഉള്‍പ്പെടെ ഇവര്‍ ബ്ലൂ പ്രിന്‍റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോണില്‍നിന്നാണ് പൊലീസിന് ബ്ലൂ പ്രിന്‍റ് ലഭിച്ചത്. സിസിടിവി യുള്ള സ്ഥലങ്ങൾ പോലും ഇതില്‍ അടയാള പ്പെടുത്തിയിരുന്നു.
ഒഎല്‍എക്സില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാറുകള്‍ പരിശോധിച്ച് അതില്‍നിന്നുള്ള നമ്പറുകള്‍ നോക്കിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കിയതെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. സംഭവത്തിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് അടക്കമുള്ളവർ സ്ഥലത്തുണ്ട്. പാരിപ്പള്ളിയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒയൂരിലെ സ്ഥലത്തേക്കും പ്രതികളെ പോലീസ് കൊണ്ടുപോകുമെന്നാണ് വിവരം. ഇവരെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതും വൈകാതെ തന്നെ പോലീസ് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്.