ഇന്ത്യയിൽ വംശനാശം വന്ന ജീവിവർഗമാണ് ചീറ്റപ്പുലികൾ. ഒട്ടേറെ പ്രത്യേകതകൾ ഈ ജീവികൾക്കുണ്ട്. ഇന്ന് അന്താരാഷ്ട്ര ചീറ്റപ്പുലി ദിനമാണ്.
കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ് മാർജ്ജാരവംശത്തിൽ (Felidae) ഉൾപ്പെട്ട ചീറ്റപ്പുലികൾ (Acinonyx Jubatus). നായ്ക്കളെയെന്ന പോലെ മൃഗങ്ങളെ വേട്ടയാടുന്നതിനായി പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുന്നതിനാൽ ഇതിനെ വേട്ടപ്പുലി എന്നും വിളിക്കുന്നു. 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കുന്നു. മാർജ്ജാരവംശത്തിൽ കാണപ്പെടുന്ന ഇടത്തരം മൃഗങ്ങളാണ് ചീറ്റപ്പുലികൾ. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിൽ ഇന്ന് കേവലം എട്ടു ചീറ്റപ്പുലികൾ മാത്രമേയുള്ളൂ. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏതാനം ആയിരങ്ങൾ മാത്രം. രണ്ടിടത്തും ക്രമേണ എണ്ണം കുറഞ്ഞുവരുന്നതായാണ് പൊതുവേ കണക്കുകൾ സൂചിപ്പിക്കുന്നത്.
മനുഷ്യരോടു ഇണങ്ങിജീവിക്കാനും ഇവയ്ക്കു കഴിയും. സംസ്കൃതത്തിലെ ‘ചിത്ര’ (അർത്ഥം- പടം, അലങ്കരിക്കപ്പെട്ടത്, അത്ഭുതകരം) എന്ന വാക്കിൽനിന്നാണ് ചീറ്റ എന്ന നാമം ഉത്ഭവിച്ചതെന്നു കരുതുന്നു. ഇന്ത്യയിലെ മുൻകാലങ്ങളിലെ പല രാജാക്കന്മാരും ഇത്തരം ചീറ്റകളെ പരിശീലിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു.
ചീറ്റപ്പുലികളെ സാധാരണ പുലികളിൽ നിന്നു തിരിച്ചറിയാൻ എളുപ്പം സാധിക്കും. ഉടലും കൈകാലുകളും വാലും മറ്റുള്ളവയെ അപേക്ഷിച്ചു നീളം കൂടിയവയാണ്. മഞ്ഞനിറമുള്ള ഉടലിൽ കറുത്ത കുത്തുകളാവും ഉണ്ടാവുക. സാധാരണ പുലികളുടെ അടയാളങ്ങൾ ചന്ദ്രക്കല പോലെ ആയിരിക്കും. മേൽച്ചുണ്ടിൽ തുടങ്ങി കണ്ണിന്റെ മുകളിൽ അവസാനിക്കുന്ന കറുത്ത പാട് ചീറ്റപ്പുലികളുടെ പ്രത്യേകതയാണ്.
മാർജ്ജാരകുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ (സിംഹം, കടുവ, പൂച്ച മുതലായവ) നഖങ്ങൾ പൂർണ്ണമായി പാദങ്ങളുടെ ഉള്ളിലേയ്ക്ക് വലിച്ചെടുക്കാൻ ചീറ്റപ്പുലികൾക്കു കഴിയില്ല. അതുപോലെ തന്നെ അലറാനും ചീറ്റപ്പുലികൾക്കാവില്ല. ചീറ്റപ്പുലികൾ പൂച്ചകൾ കുറുകുന്നതുപോലെ കുറുകുകയേയുള്ളു. പുറത്തു നിൽക്കുന്ന നഖങ്ങൾ ചീറ്റകൾക്ക് അതിവേഗത്തിലോടുമ്പോൾ നിലത്തു പിടുത്തം കിട്ടുവാനും വളരെ ഉയർന്ന ത്വരണം(accelaration) നേടാനും സഹായിക്കുന്നു. അതിവേഗത്തിൽ ഓടുമ്പോൾ ഒരു ചുവടിൽ എട്ടു മീറ്റർ വരെ ദൂരം കടന്നു പോകുവാൻ ഇവക്കു കഴിയുന്നു. വഴക്കമുള്ള നട്ടെല്ലും, വലിപ്പമേറിയതും ശക്തിയേറിയതുമായ ശ്വാസകോശങ്ങളും ഹൃദയവും കൂടുതൽ രക്തം ഒരുസമയം ശുദ്ധീകരിക്കാൻ ശേഷിയുള്ള കരളും ബലമേറിയതും നീണ്ടതുമായ പേശികളും ചീറ്റയെ ഓട്ടത്തിൽ ഏറെ സഹായിക്കുന്നു.
പൂർണ്ണവളർച്ചയെത്തുമ്പോൾ ഏകദേശം 65 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ചീറ്റപ്പുലികൾക്ക് 1.35 മീറ്റർ വരെ നീളമുണ്ടാകും. വാലിനും ഏകദേശം 85 സെന്റിമീറ്ററോളം നീളമുണ്ടാകും.
ഡിസംബർ- 4: അന്താരാഷ്ട്ര ചീറ്റപ്പുലി ദിനം

Leave a comment
Leave a comment