സൗരവും രോഹിതും ഒരു പോലെ ….. പക്ഷേ ?

At Malayalam
3 Min Read

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഇതിഹാസങ്ങളാണ് സൗരവ് ഗാംഗുലിയും രോഹിത് ശര്‍മയും. തകര്‍ന്നു തരിപ്പണമായി കിടന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ ഗാംഗുലി ആരാധകര്‍ക്ക് ദാദയാണ്. ഏത് ബൗളറേയും തല്ലിത്തകര്‍ത്തു കളിയ്ക്കുന്ന രോഹിത് ആരാധകരുടെ സ്വന്തം ഹിറ്റ്മാനും. രണ്ടു പേരും ഇന്ത്യക്ക് വലിയ കരുത്തും പ്രതീക്ഷയും നല്‍കിയ നായകന്മാരും ബാറ്റ്‌സ്മാന്‍മാരുമാണ്. എന്നാല്‍ എന്തുകൊണ്ടോ പൂര്‍ണ്ണതയിലെത്താൻ കഴിയാത്ത ഒരു ചിത്രം പോലെയാണ് ഇരുവരുടേയും കളിജീവിതം എന്നു കാണാം.

രണ്ടു പേരും സൂപ്പര്‍ നായകന്മാരാണെങ്കിലും ചില നിര്‍ഭാഗ്യങ്ങള്‍ ഇരുവര്‍ക്കുമുണ്ടായിട്ടുണ്ട്. രണ്ടു പേരുടേയും കരിയര്‍ പരിശോധിച്ചാൽ ഇതു കുറച്ചു കൂടി വ്യക്തമാകും. ഇരുവരും മുന്നില്‍ നിന്നു നയിക്കുന്ന നായകന്മാരാണെന്നതാണ് ഒന്നാമത്തേത്. രണ്ടു പേരും ടോപ് ഓഡറിലെ റണ്‍ മിഷ്യനുകളുമാണ്. ഗാംഗുലി ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയിരുന്നപ്പോള്‍ രോഹിത് ഓപ്പണറായാണ് റൺ മഴ പെയ്യിയ്ക്കുന്നത്.

എന്നാല്‍ രോഹിത് പൊതുവേ ശാന്തനായ നായകനായിരുന്നെങ്കില്‍ ഗാംഗുലി അങ്ങനെയല്ല. ഒരു പല്ലിനു മറ്റൊരു പല്ല് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് രണ്ടു പേര്‍ക്കും താല്‍പര്യം. പ്രകോപിപ്പിക്കുന്നവര്‍ക്ക് പ്രകടനം കൊണ്ടു മറുപടി നല്‍കുന്ന നായകന്മാരായിരുന്നു ഇരുവരും. സ്ലെഡ്ജ് ചെയ്യുന്ന ബൗളറുടെ തൊട്ടടുത്ത പന്ത് സിക്‌സര്‍ പായിക്കണമെന്നാണ് രോഹിത്തും ഗാംഗുലിയും ചിന്തിയ്ക്കുന്നത്. പലപ്പോഴും ഇരുവരും ഇതു കളത്തില്‍ കാട്ടിയിട്ടുമുണ്ട്.

രണ്ടു പേരും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത് കൊടും വിവാദങ്ങൾക്കിടയിലുമാണ്. സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുന്ന സമയത്ത് ടീം തകര്‍ന്നടിഞ്ഞ അവസ്ഥയിലായിരുന്നു. 2000ലെ ഒത്തുകളി വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ നാണക്കേടും അവഹേളനവും നേരിടുന്ന സമയത്താണ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം ക്യാപ്റ്റൻ സ്ഥാനത്ത് പത്തിമടക്കിയ സാഹചര്യത്തിലാണ് ഗാംഗുലിയിലേക്ക് നായകസ്ഥാനമെത്തുന്നതും.
അവിടെ നിന്ന് നെഞ്ചുറപ്പോടെ മുന്നിലിറങ്ങി ടീമിനെ കളിച്ചു കയറാൻ പഠിപ്പിച്ചു ഗാംഗുലി. 2003ലെ ലോകകപ്പ് ഫൈനല്‍ കളിപ്പിയ്ക്കാൻ വരെ ടീമിനെ പ്രാപ്തനാക്കി അദ്ദേഹം.

- Advertisement -

രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയതും വിവാദത്തിനിടെയാണ്. അന്നു ബി സി സി ഐ പ്രസിഡന്റായിരുന്ന ഗാംഗുലിയും ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കൊടുംപിരിക്കൊണ്ടിരുന്ന സമയത്താണത് സംഭവിയ്ക്കുന്നത്. കോഹ്ലിയെ നായകസ്ഥാനത്ത് നിന്നു മാറ്റാനും രോഹിത്തിനെ പകരമെത്തിക്കാനും ഗാംഗുലിയ്ക്ക് അധികം ആലോചിയ്ക്കേണ്ടി വന്നില്ല

2021ലെ 20-20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടെയാണ് ഇത്തരമൊരു അഴിച്ചുപണി നടക്കുന്നത്. നായകസ്ഥാനം ഒഴിഞ്ഞ ശേഷം വിരാട് കോഹ്ലി, ഗാംഗുലിക്കും ബി സി സി ഐക്കുമെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഏറെ നാളെടുത്തു ഈ വിവാദങ്ങൾ കെട്ടടങ്ങാൻ . രോഹിതും കോഹ്ലിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സമയമായിരുന്നു ഇതൊക്കെ സംഭവിച്ചത് എന്നതും ശ്രദ്ധേയം. എന്നാല്‍ പിന്നീട് അതെല്ലാം മറന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി എന്നതും നാം കണ്ടു.

രണ്ടു പേര്‍ക്കും ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായില്ലെന്നതാണ് ഗാംഗുലി – രോഹിത് നായകൻമാരുടെ സാമ്യത. രണ്ടു പേരും ടീമിന്റെ നായകന്മാരായിരിക്കെ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയോട് കീഴടങ്ങാനായിരുന്നു ഇരുവരുടേയും വിധി. 2003ല്‍ ഗാംഗുലിക്ക് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയോട് തോറ്റപ്പോള്‍ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം 2023ല്‍ അതേ ഓസ്ട്രേലിയയ്ക്കു മുന്നിൽ തലകുനിച്ചു നിൽക്കാനായിരുന്നു രോഹിതിന്റേയും വിധി. ഇതിഹാസ താരങ്ങളായിട്ടും ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ ഇരു നായകൻമാർക്കും സാധിക്കാതെ പോയി. രണ്ടു പേരും ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരായിരുന്നു. വിക്കറ്റ് നഷ്ടമാവുമോയെന്ന് ഭയന്ന് തങ്ങളുടെ വെടിക്കെട്ട് ശൈലിയില്‍ മാറ്റം വരുത്താന്‍ രണ്ടാളും ഒരിയ്ക്കലും തയ്യാറായിരുന്നുമില്ല. എന്നാല്‍ രോഹിത്തിനെക്കാള്‍ ഒരുപടി മുകളിലാണ് ക്യാപ്റ്റൻ സ്ഥാനത്ത് ഗാംഗുലി. രോഹിത്തിന് നായകസ്ഥാനം ലഭിക്കുമ്പോള്‍ മികച്ചൊരു ടീം ഒപ്പമുണ്ടായിരുന്നു ; പ്രതിഭകളാൽ സമ്പന്നമായിരുന്നു ടീം. എന്നാൽ സചിൻ , ദ്രാവിഡ്, ലക്ഷ്മൺ തുടങ്ങിയ പ്രതിഭാധനരെല്ലാം കീഴടങ്ങിയ മനസോടെ നിൽക്കുന്ന, കോഴ വിവാദത്തിൽപ്പെട്ട് ആടിയുലയുന്ന ഒരു കൂട്ടം കളിക്കാരുടെ നടുവിലായിരുന്നു ഗാംഗുലി. അവിടെ നിന്നാണ് ലോകകപ്പു ഫൈനലിലേക്കെത്താൻ പോന്ന ശേഷിയുള്ളവരാക്കി ഇന്ത്യൻ ടീമിനെ അയാൾ മാറ്റിയത്.

എന്തായാലും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരും ബാറ്റ്സ്മാൻമാരുമാണ് ഇരുവരും എന്നതിൽ തർക്കമില്ല. എങ്കിലും ഒന്നു മാത്രം – ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്നെ; രോഹിതാകട്ടെ മികച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment