മാർക് ട്വയിൻ
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ് (നവംബർ 30, 1835 – ഏപ്രിൽ 21, 1910 ,തൂലികാ നാമം: മാർക് ട്വയിൻ ). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസോറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തിരുന്നു. പത്രപ്രവർത്തകനായും ആക്ഷേപഹാസ്യ സാഹിത്യകാരനായും അദ്ധ്യാപകനായും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ, (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, ), ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ എന്നിവയാണ്.
ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി . അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ “അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്” എന്ന് വിശേഷിപ്പിച്ചു. ഹക്കിൾബെറി ഫിൻ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗക്കാരനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.
