ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.ഏഴു മത്സരങ്ങളിൽ അഞ്ചു ജയം. ഒരു തോൽവിയും ഒരു സമനിലയും. ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമത്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുന്നത്.
മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തർ.അതേസമയം ഏഴു പോയിന്റ് മാത്രമുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. മുന്നേറ്റ നിര താളം കണ്ടെത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ വീഴ്ചയാണ് ചെന്നൈയുടെ തലവേദന. ഏഴു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയെങ്കിലും വഴങ്ങിയത് 13 എണ്ണം.ഇരുവരും മുഖാമുഖം വന്നപ്പോൾ ജയം ഒപ്പത്തിനൊപ്പം. 20 മത്സരങ്ങളിൽ ആറു മത്സരങ്ങൾ വീതം രണ്ടു ടീമുകളും ജയിച്ചപ്പോൾ എട്ടു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.ആർത്തിരമ്പുന്ന സ്വന്തം ആരാധകർക്കു മുന്നിൽ വീണ്ടും തലയുയർത്തി ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നു കണ്ടറിയണം.