17 നാൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ സിൽക്യാര രക്ഷാദൗത്യം വിജയം. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി മൂന്ന് ആഴ്ചയോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും പുറത്തെത്തിക്കാനുള്ള നടപടിക്കു തുടക്കമായി. ഇതിനകം 15 പേരെ പുറത്തെത്തിച്ചിട്ടുണ്ട്. പുറത്തെത്തിച്ച തൊഴിലാളികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കൂടിക്കാഴ്‌ച നടത്തി.
ദൗത്യം വിജയിച്ചതിൽ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറിയതിനു പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുന്നത്. ഇവരെ കൊണ്ടുപോകാനായി ആംബുലൻസുകളും തുരങ്കത്തിനുള്ളിലേക്കു പോയിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവർക്കു പ്രാഥമിക ചികിത്സ നൽകാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക ഡിസ്പെൻസറി സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ പരിശോധന നടത്തിയശേഷം തൊഴിലാളികളെ ആംബുലൻസിൽ ആശുപ്രതിയിലേക്കു കൊണ്ടുപോകും.