ആഘോഷ രാവ് ദുരന്ത രാവായി

At Malayalam
1 Min Read

ആഘോഷ രാവിന്റെ മൂഡിലായിരുന്നു ഇന്നലെ കുസാറ്റിലെ വിദ്യാർഥികൾ. നിമിഷ നേരം മാത്രമേ വേണ്ടി വന്നുള്ളു അതൊരു ദുരന്ത ഭൂമിയായി മാറാൻ. നടുക്കുന്ന ഓർമകളിലാണ് ദൃക്സാക്ഷികളെല്ലാം. കുസാറ്റിലെ സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടക്കാറുള്ള ടെക്ഫെസ്റ്റ് – ധിഷണ – ആണ് കുരുതിക്കളമായി മാറിയത്. നവംബർ 24 മുതൽ 26 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നത്.

കുസാറ്റ് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പ്രശസ്ത ഗായിക നിഖിത ഗന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെ മഴ പെയ്തതാണ് വലിയ ദുരന്തത്തിനു കാരണമായത്. ഓഡിറ്റോറിയത്തിനുള്ളിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു. എഞ്ചിനിയറിംഗ് വിദ്യാർഥികൾ ഓഡിറ്റോറിയത്തിനകത്തേക്ക് ആദ്യം കയറി നിന്നു.പുറത്ത് മഴ പെയ്തു തുടങ്ങിയപ്പോൾ കൂടുതൽ കുട്ടികൾ ഓഡിറ്റോറിയത്തിൽ എത്തുകയും ചെയ്തു. മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു കൂടി പ്രവേശിക്കാനായി മറ്റൊരു ഗേറ്റും സമീപത്തുണ്ട്. ഈ ഗേറ്റു തുറന്നയുടനേ വിദ്യാർഥികൾ കൂട്ടമായി തിരക്കിട്ട് ഉള്ളിലേക്ക് കയറാൻ തുടങ്ങി. ഗേറ്റു കയറിയാലുടൻ താഴേക്ക് പടികൾ ആണ്. തിരക്കിൽ പെട്ട് നില തെറ്റി ഈ പടികളിലേക്ക് കുട്ടികൾ വീഴാൻ തുടങ്ങി. പിന്നാലെ കയറിയവർ ആദ്യം വീണ കുട്ടികളുടെ മുകളിലേക്കും വീണു. ഇത് പല തവണ ആവർത്തിച്ചു. ഇതാണ് വലിയ ദുരന്തത്തിന് വഴി വച്ചതെന്നാണ് ലഭിയ്ക്കുന്ന വിവരം.

Share This Article
Leave a comment